സൗന്ദര്യറാണിമാരുടെ കായല്‍സവാരി

ആലപ്പുഴയിലെ പുന്നമട ബോട്ട്‌ജെട്ടിയില്‍ ചാറ്റല്‍മഴയൊരുക്കിയ റൊമാന്റിക്ക് മൂഡിലേക്കാണ് മൂന്ന് സുന്ദരികള്‍ വന്നിറങ്ങിയത്. മിസ് കേരള സൗന്ദര്യമത്സരത്തിന് ആദ്യ മൂന്ന് കിരീടങ്ങള്‍ നേടിയവര്‍. മിസ് കേരള ശ്രീതുളസി, ഫസ്റ്റ് റണ്ണറപ്പ് റിമ കല്ലിങ്ങല്‍, റണ്ണറപ്പ് ആന്‍ ജോസഫ്. അന്ന് ആഗസ്ത് മൂന്ന്. ഫ്രണ്ട്ഷിപ്പ് ഡേ. അഴകിന്റെ കിരീടങ്ങള്‍ക്കായി മത്സരിച്ചവര്‍ക്ക് സൗഹൃദത്തിന്റെ കായല്‍പ്പരപ്പില്‍ ആര്‍ത്തുല്ലസിച്ചൊരു സഞ്ചാരം. 'മാതൃഭൂമി യാത്ര' ഒരുക്കിയ സുന്ദരിമാരുടെ ജലോത്സവം. നെഹ്‌റു ട്രോഫി വള്ളംകളിക്ക് ഒരാഴ്ച മാത്രമെ അപ്പോള്‍ ബാക്കിയുണ്ടായിരുന്നുള്ളൂ. വഞ്ചിപ്പാട്ടിന്റെ താളത്തിന് രോമാഞ്ചം കൊള്ളാന്‍ പുന്നമടക്കായല്‍ കാത്തുകിടക്കുകയായിരുന്നു.

പുന്നമട ജെട്ടിയില്‍ 97 അടി നീളത്തില്‍ നീണ്ടുനിവര്‍ന്നുകിടക്കുകയാണ് 'അമേരിക്കന്‍ ഈഗിള്‍'. മാതൃഭൂമി 'യാത്ര'യ്ക്കായി അണിഞ്ഞൊരുങ്ങിയ ത്രീ ബെഡ്‌റൂം പരുന്ത്.


ബാംഗഌരില്‍ നിന്ന് മോണിങ് ഫ്‌ളൈറ്റില്‍ െകാച്ചിയിലെത്തി രാവിലെ തന്നെ ആലപ്പുഴയില്‍ ഹാജരാണ് റിമ. ഇതു നാലാം തവണയാണ് ആലപ്പിയില്‍ കായല്‍യാത്രയ്ക്കിറങ്ങുന്നതെന്ന് ഈ ബാംഗഌര്‍കാരി. റിമാ രാജന്‍ എന്ന തന്റെ 'ഓര്‍ക്കൂട്ട് പ്രൊഫൈലില്‍' ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ആലപ്പുഴയെന്നാണ് രേഖെപ്പടുത്തിയിരിക്കുന്നതെന്നും റിമ പറഞ്ഞു.

കൊച്ചിയില്‍ പാലാരിവട്ടത്തെ വീട്ടില്‍ നിന്നു കാറില്‍ പുറപ്പെട്ട് ആന്‍ ജോസഫും അമ്മ മേരി വീനസും അപ്പോഴേക്കും എത്തിയിരുന്നു. തൃപ്പുണിത്തറ ചോയ്‌സ് സ്‌കൂളിലെ 11ാം ക്ലാസുകാരിയാണ് ആന്‍.

സമയം ഉച്ചയ്ക്ക് 12.15. എക്‌സിക്യുട്ടീവ് എക്‌സ്​പ്രസ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിക്കഴിഞ്ഞെന്ന് ശ്രീ തുളസിയുടെ ഫോണ്‍. കണ്ണൂരില്‍ നിന്ന് അമ്മ രാജലക്ഷ്മിക്കൊപ്പമാണ് തുളസി വന്നത്. മിസ് കേരളയ്ക്കിത് ജീവിതത്തിലെ ആദ്യത്തെ കുട്ടനാടന്‍ യാത്ര. തുളസീമുഖത്ത് അതിന്റെ ആഹഌദമുണ്ടായിരുന്നു.

12.30. അമേരിക്കന്‍ ഈഗിളിന്റെ മാനേജര്‍ പത്മകുമാര്‍ അരികിലെത്തി യാത്ര തുടങ്ങാന്‍ അനുമതി തേടി. 'പരുന്തി'ന് മെല്ലെ ജീവന്‍ വെച്ചു. ഇത് ചരിത്രപ്രസിദ്ധമായ നെഹ്‌റുടോഫി വള്ളംകളിയുടെ പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റാണ്. ഇവിടെ നിന്നുതന്നെയാകട്ടെ തുടക്കം.

അടുത്തയാഴ്ച നടക്കാനിരുന്ന വള്ളം കളിക്കായി കായലില്‍ ട്രാക്ക് നിര്‍മ്മാണം നടക്കുന്ന കാഴ്ചകള്‍ കണ്ടുമുന്നോട്ട്. പെണ്‍കുട്ടികളെ കണ്ടപ്പോള്‍ ചെറുപ്പക്കാര്‍ നിന്നു കൈവീശുന്നു.

കിലുക്കാംപെട്ടിയാണ് ആന്‍. ബോഡ് എക്‌സാമിന് 92 ശതമാനം മാര്‍ക്ക് വാങ്ങിയ കൊച്ചുമിടുക്കി. തീര്‍ന്നില്ല, ബാസ്‌ക്കറ്റ്‌ബോള്‍ ടീമിലേക്ക് സെലക്ഷന്‍, വിസ്ത യൂത്ത്‌ഫെസ്റ്റിവലിനു പോകണം... ആന്‍ സ്‌കൂള്‍ വിശേഷങ്ങള്‍ നിരത്തുമ്പോള്‍ ''വിശക്കുന്നേ...''യെന്നു ചിണുങ്ങി റിമ ഇടപെടുന്നു. ഉച്ചയ്ക്ക് കരിമീന്‍ ഫ്രൈ കൂട്ടിയാണ് സ്‌പെഷല്‍ കേരള മീല്‍സ്. ഹൗസ്‌ബോട്ടിലെ അടുക്കളയില്‍ കരിമീന്‍ പൊരിയുന്നതിന്റെ 'ഫീല്‍' ചെറുതായി കിട്ടിത്തുടങ്ങി.

''ഐ ലവ് മൈ ലൈഫ്'' ഇതാണ് ആന്‍ േജാസഫിന്റെ മുദ്രാവാക്യം. ഒരവസരം ഒത്തുവന്നാല്‍ വിയന്നയിലും, സ്വിറ്റ്‌സര്‍ലന്റിലും രാപാര്‍ക്കാനാണ് കൊച്ചുസുന്ദരിക്കിഷ്ടം. തുളസിക്കാകട്ടെ കേരളം തന്നെ പ്രിയപ്പെട്ടയിടം. ''ആലപ്പി ഈസ് റിയലി ബ്യൂട്ടിഫുള്‍''.

പുന്നമടയുടെ കിഴക്കേക്കരയില്‍ പച്ചവിരിച്ചുനിന്ന ഭഗവതിപ്പാടത്തിനരികില്‍ 'പരുന്ത്' ആദ്യം ഒഴുകിയിറങ്ങി.

പുഞ്ചവയലില്‍ വരമ്പത്ത് ചെളികോരുന്ന തിരക്കിലായിരുന്നു രാജേഷ്. 'സിനിമയ്ക്കാണോ?' എന്നായി അന്വേഷണം. അല്ലെന്നറിയുമ്പോള്‍ തിരികെ വീണ്ടും േജാലിയിലേക്ക്. മഴ കനക്കുമ്പോള്‍ വരമ്പുമുറിഞ്ഞ് വെള്ളം കയറി വരാതിരിക്കാനാണ് ഈ വരമ്പ് നിര്‍മ്മാണം. സമുദ്രനിരപ്പിനുതാഴെയുള്ള ലോകത്തെ അത്ഭുതപ്രദേശങ്ങളിലൊന്നാണ് കുട്ടനാടെന്നോര്‍ക്കുക.

ഇനി പുന്നമട ഫിനിഷിംഗ് പോയിന്റിലൂടെ നേരെ കൈനകരിക്ക്. കുട്ടനാടിന്റെ ഹൃദയം ചുറ്റിയുള്ള യാത്ര.

കുട്ടനാട്ടിലൂടെ കെട്ടുവള്ളത്തിലുള്ള യാത്ര ലോകത്തിലേറ്റവും മികച്ച ടൂറിസം പാക്കേജുകളിലൊന്നായിക്കഴിഞ്ഞു. പുന്നമടക്കായലില്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ സ്റ്റാര്‍ട്ടിംഗ് പോയന്റാണ് കെട്ടുവള്ളങ്ങളുടെ ടെര്‍മിനല്‍. ഇവിടെനിന്ന് സാധാരണയായി രണ്ടു വഴിക്കാണ് യാത്ര. ഒന്ന് വേമ്പനാട് കായലിന്റെ അപാരതയിലേക്ക്. പാതിരാമണല്‍, കുമരകം റൂട്ടില്‍. ശരാശരി എട്ടു കിലോമീറ്റര്‍ വീതിയുള്ള വേമ്പനാട് കായല്‍ അതിന്റെ വിശാലത കൊണ്ട് നമ്മെ അമ്പരപ്പിക്കും. ഈ ജലപാതയിലൂടെ തണ്ണീര്‍മുക്കം വരെ പോകാം.

മറ്റൊരുവഴി കുട്ടനാടിന്റെ ഗ്രാമ മനസുകളിലൂടെയാണ്. കൈത്തോടുകളും ഇടത്തോടുകളും കെട്ടുപിണഞ്ഞുകിടക്കുന്ന ഉള്‍നാടന്‍ ജലപാത. ഈ വഴികളിലൂടെ പമ്പയാറും മണിമലയാറും അച്ചന്‍കോവിലാറും കണ്ട് കുട്ടനാടന്‍ ഗ്രാമജീവിതങ്ങളുടെ തുടിപ്പുകള്‍ അറിഞ്ഞുകൊണ്ടുള്ള അവിസ്മരണീയ യാത്ര. തനി കുട്ടനാടന്‍ ദേശങ്ങളായ കൈനകരിയും ചേന്നങ്കരിയും പുളിങ്കുന്നും, നെടുമുടിയും കാവാലവുമൊക്കെ കണ്ടുപോകാം. വെള്ളം പരവതാനി വിരിച്ച് നമ്മെ എതിരേല്‍ക്കും. കുട്ടനാടന്‍ ജീവിതദൃശ്യങ്ങള്‍ നിറഞ്ഞ രണ്ടാംവഴിയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്.

ഇവിടെ കായല്‍ തന്നെ അതിമനോഹരമായ ഒരു കാഴ്ച. കായലോരക്കാഴ്ചകള്‍ വേറെയും. പച്ചപിടിച്ചു കിടക്കുന്ന കുട്ടനാടന്‍ പാടശേഖരങ്ങള്‍. തെങ്ങിന്‍തുഞ്ചത്ത് കള്ളു ചെത്തുന്നവര്‍. താറാവ്പറ്റങ്ങളും അവയെ നയിക്കുന്ന ഇടയന്‍മാരും. വള്ളത്തിലിരുന്ന് വലയെറിഞ്ഞ് മീന്‍പിടിക്കുന്നവര്‍. കൊതുമ്പ് വള്ളത്തില്‍ നാട്ടുകാരുടെ യാത്ര...

കെട്ടുവള്ളത്തില്‍ ഉച്ചയൂണിന് സമയമടുത്തു. 'മീമ്മി'യിലാണ് റിമയുടെ ശ്രദ്ധ. പണ്ടു കരിമീന്‍ കഴിച്ചു മുള്ള് കുടുങ്ങിയതിന് മമ്മി വഴക്കു പറഞ്ഞ കഥ പറഞ്ഞത് ആന്‍. ശുദ്ധ വെജിറ്റേറിയനായ തുളസിക്കുവേണ്ടി സാമ്പാറും അവിയലും കാബേജ് തോരനും.

കൈനകരി, നെടുമുടി പള്ളാത്തുരുത്തി വഴി ചമ്പക്കുളമെത്തുമ്പോള്‍ വെയില്‍ ചാഞ്ഞുതുടങ്ങി. വൈകിട്ട് ആറുമണിക്കുശേഷം കായലിലൂടെ ഹൗസ്‌ബോട്ട് യാത്ര അനുവദിക്കില്ലെന്ന് 'ഈഗിള്‍' ജീവനക്കാര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ വലയിടുന്ന സമയമായതിനാല്‍ ആണിത്. എതിര്‍ദിശയിലേക്ക് പോകുന്ന ഹൗസ്‌േബാട്ടുകളൊന്നിന്റെ പേര് ആന്‍ ഉറക്കെ വായിച്ചു 'സാറാമ്മ...' ഇങ്ങിനെയും ഒരു പേരോ? നോക്കിയപ്പോഴാണ് സംഗതിയുടെ തമാശ... ' ടമി്ൗമ' എന്ന് എഴുതിയതാണ് ആന്‍ തെറ്റിവായിച്ചു സാറാമ്മയാക്കിയത്.

വൈകീട്ട് ഒരു വിനോദം. ഹൗസ്‌ബോട്ടിന്റെ അണിയത്തിരുന്ന് മൂവരും ചൂണ്ടയെറിഞ്ഞു. വെറുതെ ഒരു കൗതുകത്തിന്.

പോയവഴിയിലൂടെ തിരിച്ചുവരികയാണ് 'ഈഗിള്‍'. രാത്രി പുന്നമടയില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ അകലെയാണ് കെട്ടുവള്ളം കെട്ടിയിട്ടത്. സന്ധ്യാകാശത്തിന്റെ പശ്ചാത്തലം. ആലപ്പി ബോട്ട് ക്ലബിന്റെ 'ശ്രീ ഗണേഷ്' ചുണ്ടന്‍ നെഹ്‌റു ട്രോഫിക്കു തയ്യാറെടുപ്പ് നടത്തുന്ന പുറംകാഴ്്ചയും മനോഹരമായി. കുട്ടനാട്ടിലെത്തുന്ന വിദേശികളെ ഏറ്റവും ആകര്‍ഷിക്കുന്ന കാഴ്ചയാണ് ചുണ്ടന്‍ വള്ളങ്ങള്‍. വള്ളംകളികളിലെ നായകന്‍മാരായി കഥകളിലും പാട്ടുകളിലുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന ചമ്പക്കുളം, നടുഭാഗം, കാവാലം ചുണ്ടന്‍വള്ളങ്ങളെ ഈ യാത്രക്കിടയില്‍ കായലോരത്തെ വള്ളപ്പുരകളില്‍ അവര്‍ പോയി കാണും.

വൈകിട്ട് മിസ്സായ കപ്പയും മീനിലുമായിരുന്നു രാത്രി ഭക്ഷണത്തിന്റെ തുടക്കം. ചപ്പാത്തി, ചിക്കന്‍ ഫ്രൈ, ഫിഷ്‌കറി റൈസ് എന്നിവ വേറെ. എറണാകുളത്ത് എം.ജി. റോഡ് 'സബ്‌വേ'യിലെ ചിക്കന്‍ ടെറിയാക്കിയാണ് തനിക്കേറ്റവും പ്രിയങ്കരമെന്ന് ഇതിനിടെ ആന്‍ പ്രഖ്യാപിക്കുന്നു. വീട്ടിലാണെങ്കില്‍ പ്രിയഭക്ഷണം സൈറ്റടിച്ചമ്മന്തിയാണത്രേ! നാവില്‍ വെയ്ക്കുമ്പോള്‍ പുളി കൊണ്ട് കണ്ണടഞ്ഞുപോകുന്ന ചമ്മന്തിയാണ് ഈ സൈറ്റടിച്ചമ്മന്തി.

ബാംഗഌരില്‍ റിമ സ്വന്തമായി തുടങ്ങിയ നൃത്തസംഘത്തിന് പേരു നിര്‍ദ്ദേശിക്കലായി അടുത്തത്. ഒടുവില്‍ എല്ലാവരും ഒരേ സ്വരത്തില്‍ തിരഞ്ഞെടുത്ത പേര് 'ഊര്‍ജ്ജ'. സിനിമയിലേക്കു മികച്ച അവസരങ്ങള്‍ വന്നാല്‍ പോകാമെന്ന് തുളസി. ഓണത്തിനുമുമ്പ് അബുദാബിയിലേക്ക് തിരിച്ചുപോകാനിരിക്കുകയാണ് മിസ് കേരള. അടുത്തവര്‍ഷത്തെ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാനും ചില്ലറ താത്പര്യമില്ലാതില്ല.

സമയം രാത്രി 11.30. കണ്ണുകളില്‍ ഉറക്കം ഓളം തല്ലുന്നു. പുറത്തു കായലില്‍ ഇപ്പോള്‍ ഇരുട്ടു മാത്രം. ദൂരെ മീന്‍പിടിത്തക്കാരുടെ കൊച്ചു പെട്രോമാക്‌സുകളുടെ ഇത്തിരിവെട്ടം. കായലില്‍ കൊഞ്ചുപിടിക്കുകയാണവര്‍. വിളക്കിന്റെ വെളിച്ചത്തില്‍ കായല്‍പ്പരപ്പിലേക്ക് കയറിവരുന്ന കൊഞ്ചിനെ കുത്തിയെടുക്കും. രണ്ടു കൊഞ്ച് മതി ഒരു കിലോ തൂങ്ങാന്‍. ഈ കൊഞ്ചുകളെല്ലാം കടല്‍ കടക്കുകയാണ്.

വെളിച്ചത്തിന്റെ ഈ പൊട്ടുകള്‍ കായലിലെ മറക്കാനാവാത്ത ഒരു രാത്രിദൃശ്യമാണ്. നല്ല നിലാവുണ്ടെങ്കില്‍ ആ രാത്രി കാവ്യാത്മകമാകും.

പിറ്റേന്നു രാവിലെ ആര്‍ ബ്‌ളോക്ക്, റാണി, ചിത്തിര, മാര്‍ത്താണ്ഡം കായലുകള്‍ ചുറ്റിയാണ് യാത്ര അവസാനിച്ചത്. കൊതുമ്പുവള്ളത്തിലായിരുന്നു ഇടയ്ക്ക് സുന്ദരിമാരുടെ യാത്ര. രണ്ടുദിവസത്തെ യാത്രയില്‍ ഏറ്റവുമധികം 'എന്‍ജോയ്' ചെയ്തത് ഈ അവസാന മണിക്കൂറാണെന്ന് റിമ. പക്ഷേ ജീവന്‍ മുറുക്കെപ്പിടിച്ചിരിപ്പായിരുന്നെന്ന് തുളസിയുടെ മുഖഭാവം. സൈക്കിള്‍ പോലും എത്താത്ത സ്ഥലങ്ങളുള്ള കുട്ടനാട്ടിലെ സൈക്കിളാണ് കൊതുമ്പ്‌വള്ളം.

പിന്നെ േബ്രക്ക്ഫാസ്റ്റും കഴിഞ്ഞ് പുന്നമടയിലെത്തി വാഹനങ്ങളില്‍ കയറി മടക്കം. ഓര്‍മകളില്‍ കായല്‍ക്കനവുകളും സൗഹൃദത്തിന്റെ മധുരനിമിഷങ്ങളും.