കൊടുങ്ങല്ലൂര്‍ : ഇത് ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂര്‍ നഗര മധ്യത്തിലൂടെ കടന്നു പോകുന്ന ബൈപാസ് സര്‍വീസ് റോഡിന്റെ ഇരുവശവുമുള്ള നാറുന്ന കാഴ്ച്ചയാണ് .സ്വന്തം വീട്ടുവളപ്പിലെ മാലിന്യം പൊതു സ്ഥലത്തേക്ക് വലിച്ചെറിയുക എന്ന മലയാളിയുടെ സവിശേഷത ഇവിടെ കൃത്യമായി നടപ്പാക്കിയിരിക്കുന്നു. അതിലൂടെ നശിക്കുന്നത് നാം തന്നെയാണെന്ന തിരിച്ചറിവില്ലാത്ത ഈ പ്രവണത ഇവിടെ തുടരുകയാണ്.

ഇതിലൂടെ കടന്നു പോകുന്ന ഒരു യാത്രക്കാരനു പോലും മൂക്ക് പൊത്താതെ പോകാനാകില്ല. മഴക്കാലമായതോടെ ദുര്‍ഗന്ധം അസഹനീയമായി തുടരുന്നു. തെരുവ് നായയും കാക്കകളും ഭക്ഷണ മാലിന്യം റോട്ടിലേക്ക് കൊത്തിവലിക്കുന്നതു സ്ഥിരം കാഴചയാണ്..ഇത്രയും വൃത്തിഹീനമായ സംഭവം നഗരമധ്യത്തിലായിട്ടുപോലും അധികാരികളുടെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല അതോ അവര്‍ അത് കണ്ടില്ലെന്നു നടിക്കുന്നതാണോ. കേരളം പനിച്ചു വിറയ്ക്കുന്ന ഈ സമയത്തു തന്നെയാണ് രോഗങ്ങള്‍ പിടിപെടാന്‍ വളരെ സാധ്യതയുള്ള ഇത്തരം പ്രവര്‍ത്തികള്‍ പൊതു ജനങ്ങളില്‍ നിന്ന് ഉണ്ടാകുന്നത്.