Yesudas
യേശുദാസ് 

യേശുദാസ് തെങ്ങുകയറ്റക്കാരനാണ്. ഒരുദിവസം നൂറിലധികം തെങ്ങില്‍ കയറും. യേശുദാസ് നല്ലൊരു അത്ലറ്റുമാണ്. 43-ാം വയസ്സിലും മറ്റ് പരിശീലനങ്ങളില്ലാതെ തെങ്ങുകയറ്റത്തിലൂടെ ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന അത്ലറ്റ്. കുണ്ടന്നൂര്‍ ചുങ്കത്ത്വീട്ടില്‍ ഫ്രാന്‍സിസിന്റെയും മേരിയുടെയും രണ്ടാമത്തെ മകന്‍ ലോക മാസ്റ്റേഴ്‌സ് അത്ലറ്റിക്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരംകൂടിയാണ്.

വന്നത് ഖോ ഖോയിലൂടെ

വടക്കാഞ്ചേരി വ്യാസ കോളേജില്‍ പഠിക്കുമ്പോള്‍ ഖോ-ഖോയിലൂടെയാണ് യേശുദാസ് കായികരംഗത്തേക്കെത്തുന്നത്. പിന്നീട് കാലിക്കറ്റ് സര്‍വകലാശാലാ ടീമില്‍ ഇടം നേടി. 1997-ല്‍ കേരള ടീമില്‍ സ്ഥാനം ലഭിച്ചു. 2000 മുതല്‍ വിവിധ തലത്തില്‍ റഫറിയായി. 2005-ല്‍ ദേശീയതാരം, 2010-ല്‍ കേരള ടീം മാനേജര്‍, 2020-ല്‍ എം.ജി. സര്‍വകലാശാലാ ടീം പരിശീലകന്‍. ഇതിനിടെ മികച്ച കായികക്ഷമത നിലനിര്‍ത്തുന്നതിനാല്‍ അത്ലറ്റിക് ഇനങ്ങളായ 5000 മീറ്റര്‍ നടത്തം, 1500 മീറ്റര്‍, 800 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയിലേക്ക് ശ്രദ്ധതിരിച്ചു.

35-ാം വയസ്സുമുതല്‍ മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പുകളില്‍ അത്ലറ്റിക് ഇനങ്ങളില്‍ പങ്കെടുത്ത് മെഡലുകള്‍ നേടി. 2019-ല്‍ മലേഷ്യയില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ (40 വയസ്സ്) 5000 മീറ്ററില്‍ നാലാംസ്ഥാനക്കാരനായി ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആറാമതായി ഫിനിഷ് ചെയ്ത് ലോകചാമ്പ്യന്‍ഷിപ്പിലെത്തി. 2019-ലെ ദേശീയ മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നിനത്തിലും സ്വര്‍ണം നേടി.