പെരുമ്പിലാവ്: പതിര് പണത്തിന് വഴിമാറിയെങ്കിലും ഇന്നും മുടക്കമില്ലാതെ നടക്കുകയാണ് ചാലിശ്ശേരി മുലയം പറമ്പത്തുകാവിലെ പതിരുവാണിഭം. പൂരത്തലേന്ന് രാത്രിയിലാണ് വാണിഭം. മത്സ്യമാണ് വാണിഭത്തിലെ പ്രധാന ഉത്പന്നം. പണം വിനിമയോപാധിയും.

മുണ്ടകന്‍കൊയ്ത്തുമായി അഭേദ്യമായ ബന്ധമാണ് വാണിഭത്തിനുള്ളത്. കൊയ്ത്തുകഴിഞ്ഞ് നെല്ലും പതിരും വേര്‍തിരിച്ചെടുത്തശേഷമുള്ള പതിരാണ് പണ്ടുകാലത്ത് മത്സ്യത്തിന് പ്രതിഫലമായി നല്കിയിരുന്നത്. ഈ പതിര് വറുത്തുപൊടിച്ച് മത്സ്യം പിടിക്കാന്‍ ഉപയോഗിച്ചിരുന്നതായി പൂര്‍വ്വികര്‍ പറയുന്നു.

എന്നാല്‍ കാലംമാറിയതോടെ പതിര് പണത്തിന് വഴിമാറി. ഇന്ന് പതിരുവാണിഭം ഇല്ല. പണമാണ് വിനിമയോപാധി. മത്സ്യത്തിനു പുറമെ മണ്‍പാത്രങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, മാങ്ങ, പച്ചക്കറിവിത്തുകള്‍, പച്ചക്കറികള്‍, കിഴങ്ങുകള്‍, മണ്ണിലും മരത്തിലും നിര്‍മ്മിച്ചെടുത്ത വിവിധതരം അലങ്കാരവസ്തുക്കള്‍, മുറം, കൊട്ടകള്‍, മുളയുത്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, ചൂല്, എന്നുവേണ്ട ഒട്ടുമിക്ക പരമ്പരാഗത ഉത്പന്നങ്ങളും വിപണനത്തിനായെത്തുന്നു.
 
ഇവകൂടാതെ സാധാരണ പൂരപ്പറമ്പില്‍ കാണുന്ന സാധനങ്ങളും വില്പനയ്ക്കായെത്തും. വിവിധയിനം മത്സ്യങ്ങള്‍ത്തന്നെയാണ് എറെ ആകര്‍ഷകം. വലിയ കൊമ്പന്‍സ്രാവുകളെ കാണാന്‍ കടകള്‍ക്കുമുന്നില്‍ ജനം തടിച്ചുകൂടന്നു. മംഗലാപുരത്തുനിന്നുമാണ് വലിയയിനം മത്സ്യങ്ങള്‍ എത്തുന്നത്.

പൂരത്തലേന്ന് വൈകിട്ട് തുടങ്ങുന്ന വാണിഭം പൂരദിവസം പുലര്‍ച്ചെവരെ നീളും. പണ്ടത്തെ കൊച്ചി-മലബാര്‍ രാജ്യങ്ങളുടെ അതിര്‍ത്തിയായിരുന്നതുകൊണ്ടാവാം വിശാലമായ മുലയംപറമ്പത്തുകാവ് ക്ഷേത്രമൈതാനം വാണിഭകേന്ദ്രമായെടുക്കാന്‍ കാരണമായതെന്നാണ് നിഗമനം.