മായന്നൂര്‍: മായന്നൂര്‍ പാലത്തെ ഇരുട്ടില്‍ നിന്നു രക്ഷിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നു നടപടിയായില്ല,
ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച വഴിവിളക്കുകളണഞ്ഞതായുള്ള നാട്ടുകാരുടെ പരാതിക്ക് മാസങ്ങളുടെ പഴക്കമുണ്ട്.
കൊണ്ടാഴിഗ്രാമപ്പഞ്ചായത്ത്, ഒറ്റപ്പാലം നഗരസഭ ഭരണസമിതികളാണ് അററകുറ്റപ്പണികള്‍ക്കുനേരെ മുഖം തിരിക്കുന്നത്. പാലത്തിന്റെ ഓരോ ഭാഗത്തെയും വഴിവിളക്കുകള്‍ കത്തിക്കാനും അറ്റകുറ്റപ്പണികള്‍ ചെയ്യാനും വൈദ്യുതി തുകയടയ്ക്കാനും ഉള്ള അധികാരം ഇവര്‍ക്കാണ്.
പാലത്തിന്റെ ഇരു ഭാഗത്തേയും വിളക്കുകള്‍ നിലവില്‍ കത്തുന്നില്ല. വിളക്കുകള്‍ സ്ഥാപിച്ചിട്ടുള്ള തൂണുകളിലെ ഫ്യൂസ് ബോക്‌സ് പലതും സാമൂഹികദ്രോഹികള്‍ നശിപ്പിച്ച നിലയിലാണ്. തൂണുകളില്‍ ചിലതിലെ ബള്‍ബുകളും നഷ്ടപ്പെട്ടിട്ടുണ്ട്. വിളക്കുകള്‍ സ്ഥാപിച്ച ശേഷം കരാറുകാരന്റെ ഉത്തരവാദിത്വത്തില്‍ നന്നാക്കി തരാനുള്ള ബാധ്യത ഉള്ളപ്പോള്‍ തന്നെ വിളക്കുകള്‍ പലതും പ്രവര്‍ത്തനരഹിതമായിരുന്നു,എന്നാല്‍ അന്ന് പരാതി ഉയര്‍ന്നിട്ടും കരാറുകാരനെ കൊണ്ട് നന്നാക്കിക്കാനുള്ള നടപടിയുണ്ടായില്ല. മലബാറിലെ തന്നെ ഏറ്റവും വലിയ പാലങ്ങളിലൊന്നായ, ഭാരതപ്പുഴയ്ക്കു കുറുകെയുള്ള ഒറ്റപ്പാലം-മായന്നൂര്‍ പാലം കാണാനും മറ്റും വൈകുന്നേരങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇവിടെയെത്തുന്നവര്‍ ധാരാളമാണ്. അതിരാവിലെ നടക്കാനായി ഒരു കിലോമീറ്ററിലധികം നീളം വരുന്ന മായന്നൂര്‍ പാലം തിരഞ്ഞെടുത്തവര്‍ ഏറെയാണ്. വെളിച്ചമില്ലാത്തത് സാമൂഹികദ്രോഹികളുടെ ശല്യങ്ങള്‍ക്കും കാരണമായിട്ടുണ്ട്. വഴിവിളക്ക് തെളിയിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമായതിനാല്‍ സംരക്ഷണത്തിനും വൈദ്യുതി വിളക്കുകളുള്‍പ്പെടെയുള്ളവയുടെ അറ്റകുറ്റപ്പണി നടത്താനും മറ്റും ഇരു കരകളിലേയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഒരു സ്ഥിരം സമിതി ഉണ്ടാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.