വടക്കാഞ്ചേരി: ഉത്രാളിക്കാവില്‍ പൂരത്തിലെ മേധാവിത്വം തെളിയിക്കാന്‍ പങ്കാളിത്തദേശങ്ങള്‍ ഞായറാഴ്ച കരിമരുന്നിന്റെ തേരോട്ടവുമായി മാനത്ത് മത്സരിക്കും. സാമ്പിള്‍ വെടിക്കെട്ടിനു മുന്നേ പങ്കാളിത്തദേശങ്ങളായ എങ്കക്കാടും വടക്കാഞ്ചേരിയും കുമരനെല്ലൂരും സൗഹൃദത്തോടെ ഉത്രാളിഭഗവതിക്ക് ആല്‍ത്തറമേളം സമര്‍പ്പിക്കും.

ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ പ്രമാണത്തിലാണ് ആല്‍ത്തറയില്‍ പാണ്ടിമേളം. രാത്രി 7.30ന് ആദ്യം എങ്കക്കാട് സാമ്പിള്‍വെടിക്കെട്ടിന് തിരികൊളുത്തും. തുടര്‍ന്ന് കുമരനെല്ലൂരും വടക്കാഞ്ചേരിയും കത്തിക്കും.
എങ്കക്കാടിന് കുണ്ടന്നൂര്‍ സുന്ദരാക്ഷനും കുമരനെല്ലൂരിന് ദേശമംഗലം സുരേന്ദ്രനും വടക്കാഞ്ചേരിക്ക് കുണ്ടന്നൂര്‍ സജി സുരേഷുമാണ് കരിമരുന്നുവിസ്മയം ഒരുക്കിയിരിക്കുന്നത്.

സാമ്പിള്‍വെടിക്കെട്ടിനോടനുബന്ധിച്ച് വടക്കാഞ്ചേരിയില്‍ പോലീസ് ഞായറാഴ്ച വൈകിട്ട് ആറുമുതല്‍ രാത്രി 10.30വരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. തൃശ്ശൂരില്‍നിന്ന് ചേലക്കര-ഷൊറണൂര്‍ ഭാഗത്തേയ്ക്കു പോകുന്ന വാഹനങ്ങള്‍ വടക്കാഞ്ചേരി കോടതി പരിസരത്തുനിന്ന് കുമ്പളങ്ങാട് റോഡിലേയ്ക്കു തിരിഞ്ഞ് കുണ്ടന്നൂര്‍, വരവൂര്‍ വഴി മുള്ളൂര്‍ക്കരയിലേക്ക് പ്രവേശിക്കണം.
 
ഷൊറണൂര്‍-ചേലക്കര ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ മുള്ളൂര്‍ക്കരയില്‍നിന്ന് വരവൂര്‍, കുമരനെല്ലൂര്‍ വഴി ഓട്ടുപാറ ബസ്സ്റ്റാന്‍ഡിലേയ്ക്ക് പ്രവേശിച്ച് തൃശ്ശൂര്‍ ഭാഗത്തേക്കു പോകണം. കുന്നംകുളത്തുനിന്ന് പാലക്കാട്, ചേലക്കര ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ കുണ്ടന്നൂരില്‍നിന്ന് ചിറ്റണ്ടവഴി തിരിഞ്ഞുപോകണം. സാമ്പിള്‍വെടിക്കെട്ട് കാണാനെത്തുന്നവരുടെ മോട്ടോര്‍ സൈക്കിളുകളും ചെറിയവാഹനങ്ങളും ഓട്ടുപാറ സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള ഗ്രൗണ്ടിലും പരുത്തിപ്ര മാങ്ങാ ഷെഡ്ഡ് മൈതാനത്തും നിര്‍ത്തണം.

കുന്നംകുളം ഭാഗത്തുനിന്നു വരുന്ന ചെറിയവാഹനങ്ങള്‍ ഒന്നാംകല്ലിലും ഷൊറണൂര്‍-ചേലക്കര ഭാഗത്തുനിന്നു വരുന്നവ അകമല വിദ്യാഭവന്‍ സൗഹൃദ ക്ലോംപ്ലക്‌സിലും ഫ്‌ലൈവെല്‍ മൈതാനത്തും നിര്‍ത്തണം.