തൃശ്ശൂര്‍: ശക്തന്‍ മാര്‍ക്കറ്റ് വികസനവുമായി ബന്ധപ്പെട്ട് സുരേഷ്ഗോപി എം.പി. മേയര്‍ എം.കെ. വര്‍ഗ്ഗീസിനെ കണ്ടു. വിശാലമായ മാസ്റ്റര്‍പ്ലാനാണ് ശക്തന്‍ വികസനത്തിന്റെ കാര്യത്തില്‍ മനസ്സിലുള്ളത് എന്ന് മേയര്‍ സുരേഷ്ഗോപിയെ അറിയിച്ചു. നവംബര്‍ 15-ന് മുമ്പ് ഇതിന്റെ ഒരു രൂപരേഖ തരാമെന്നും മേയര്‍ അദ്ദേഹത്തെ അറിയിച്ചു.

തിരഞ്ഞെടുപ്പുവേളയിലെ വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായാണ് സുരേഷ്ഗോപി മേയറെ സന്ദര്‍ശിച്ചത്. ഒരുകോടി രൂപയാണ് ശക്തന്‍ വികസനത്തിനായി സുരേഷ്ഗോപി വാഗ്ദാനം ചെയ്തിരുന്നത്. എം.പി.ഫണ്ടില്‍നിന്നോ കുടുംബട്രസ്റ്റില്‍നിന്നോ ഇതിനുള്ള പണം നല്‍കുമെന്നായിരുന്നു വാഗ്ദാനം.

പച്ചക്കറി മാര്‍ക്കറ്റിനും മാംസമാര്‍ക്കറ്റിനും അമ്പതുലക്ഷംരൂപവീതം നല്‍കാനാണ് അദ്ദേഹത്തിന്റെ പദ്ധതി. ശക്തനിലെ 36 ഏക്കര്‍ സ്ഥലം മൊത്തത്തില്‍ എടുത്ത് സമഗ്രമായ വികസനമാണ് ഉദ്ദേശിക്കുന്നതെന്ന് മേയര്‍ പറഞ്ഞു. മുമ്പുണ്ടായിരുന്ന ഗ്രേറ്റ് ശക്തന്‍ പദ്ധതിയെക്കുറിച്ചും മേയര്‍ സുരേഷ്ഗോപിയോട് സൂചിപ്പിച്ചു. 700 കോടിമുടക്കിയുള്ള ശക്തന്‍ വികസനമാണ് ഇതില്‍ വിഭാവനം ചെയ്തിരുന്നത്.

ഈ പദ്ധതി തീര്‍ത്തും ഒഴിവാക്കേട്ടെന്നും കേന്ദ്രസര്‍ക്കാറിനെക്കൊണ്ട് ഈ പദ്ധതി അംഗികരിക്കാമോ എന്ന് താന്‍ പരിശ്രമിക്കുമെന്നും സുരേഷ്ഗോപി പറഞ്ഞതായി മേയര്‍ പറഞ്ഞു. മേയര്‍ക്കൊപ്പം പി.കെ. ഷാജന്‍, എന്‍.എ. ഗോപകുമാര്‍ എന്നിവരുമ ചര്‍ച്ചയില്‍ പങ്കെടുത്തു.

സുരേഷ്ഗോപിക്കൊപ്പം ബി.ജെ.പി.നേതാക്കളും കൗണ്‍സിലര്‍മാരും ഉണ്ടായിരുന്നു. ജില്ലാപ്രസിഡന്‍ഡ് കെ.കെ.അനീഷ്‌കുമാര്‍, രഘുനാഥ് സി.മേനോന്‍,എന്‍.പ്രസാദ്,ഡോ.വി.ആതിര,കെ.ജി.നിജി, എം.വി.രാധിക, പൂര്‍ണിമ, വിന്‍ഷി അരുണ്‍കുമാര്‍ എന്നിവരാണ് കൂടിയെുണ്ടായിരുന്നത്.

content highlights: suresh gopi meets thrissur mayor, sakthan market development