തൃശ്ശൂര്‍: സ്വകാര്യമേഖലയുടെ മേന്മകള്‍ അക്കമിട്ട് നിരത്തി ഒരുകൂട്ടര്‍. ന്യൂനതകള്‍ എണ്ണിപ്പറഞ്ഞ് മറുവിഭാഗം. തീപാറിയ സംവാദത്തെ സദസ്സ് കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.

ഫെഡറല്‍ ബാങ്ക് മാതൃഭൂമിയുമായി സഹകരിച്ച് നടത്തിയ ഫെഡറല്‍ ബാങ്ക് സ്പീക്ക് ഫോര്‍ ഇന്ത്യ ജില്ലാതല ചര്‍ച്ചാമത്സരത്തിലാണ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വാദമുഖങ്ങള്‍ നിരത്തിയത്. തൃശ്ശൂര്‍ വിമലാ കോളേജില്‍ നടന്ന മത്സരത്തില്‍ 57 പേര്‍ പങ്കെടുത്തു.

'ക്രമസമാധാനം മാത്രം സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ മതി; മറ്റെല്ലാം സ്വകാര്യവത്കരിക്കണം' എന്ന ആശയം മുന്‍നിര്‍ത്തിയായിരുന്നു സംവാദം.
മികച്ചതും മത്സരക്ഷമതയുള്ളതും ഉത്പാദനകേന്ദ്രീകൃതവുമായ സേവനം സ്വകാര്യമേഖലയ്ക്ക് മാത്രമാണ് നല്‍കാന്‍ കഴിയുന്നതെന്ന് വിഷയത്തെ അനുകൂലിച്ചവര്‍ ചൂണ്ടിക്കാട്ടി.

പൊതുമേഖലയ്ക്കു മാത്രമേ ലാഭേച്ഛയില്ലാതെ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കാനാവൂ എന്ന് എതിര്‍ക്കുന്നവര്‍ വ്യക്തമാക്കി. ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആന്റോ പി.കെ., കേരളവര്‍മ്മ കോളേജ് ഇംഗ്‌ളീഷ് വിഭാഗം മുന്‍ മേധാവി പ്രൊഫ. എന്‍.ആര്‍. അനില്‍കുമാര്‍, മാതൃഭൂമി സബ് എഡിറ്റര്‍ രതീഷ് രവി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

വിമല കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റിറ്റി നെടുമ്പാട്, പ്രൊഫ. അനു പാപ്പച്ചന്‍, മാതൃഭൂമി മീഡിയ സൊല്യൂഷന്‍സ് മാനേജര്‍ ഡി. ഹരി എന്നിവര്‍ സന്നിഹിതരായിരുന്നു. മാതൃഭൂമി ഇവന്റ് ഡിവിഷനായ റെഡ് മൈക്കാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.

ഇവര്‍ വിജയികള്‍
1. അഭിരാമി രഞ്ജിത്ത് (വിമല കോളേജ്, തൃശ്ശൂര്‍), 2. അസീം സാലിഹ് (എം.ഇ.എസ്. അസ്മാബി കോളേജ്, കൊടുങ്ങല്ലൂര്‍), 3. ഡെല്‍മി വി.പി. (ഗവണ്‍മെന്റ് ലോ കോളേജ്, തൃശ്ശൂര്‍), 4. അപര്‍ണ തോമസ് (വിമല കോളേജ്), 5. അശ്വതി ബാബു എസ്. (ന്യുവാല്‍സ്, കൊച്ചി), 6. അഗ്‌ന ബിജു (സെന്റ് അലോഷ്യസ് കോളേജ്, എല്‍ത്തുരുത്ത്), 7. സാവിയോ  വില്‍സണ്‍ (ഫോക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി), 8.  അപര്‍ണ മുരളീധരന്‍ (വിമല കോളേജ്), 9. ശിവകാമി കെ.എസ്. (വിമല കോളേജ്), 10. അഞ്ജന പ്രവീണ്‍ (മലബാര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി), 11. രോഹിണി മേനോന്‍ (സെന്റ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുട), 12. ദേവിക കൃഷ്ണന്‍ (സെന്റ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുട), 13. ബ്രിജി മരിയ (സെന്റ് മേരീസ് കോളേജ്)