കണിമംഗലം : ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. യൂത്ത് കോൺഗ്രസ് അയ്യന്തോൾ ബ്ലോക്ക് സെക്രട്ടറി ചേറൂർ പെരിങ്ങായിൽ സുജിത്ത് (30) ആണ് മരിച്ചത്.

തൃശ്ശൂർ കാർഷിക ഗ്രാമവികസന ബാങ്കിലെ താത്കാലിക ജീവനക്കാരനാണ്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കണിമംഗലം മേൽപ്പാലത്തിന് സമീപമായിരുന്നു അപകടം. തൃശ്ശൂർ ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്കും തൃപ്രയാർ ഭാഗത്തുനിന്ന് വന്ന ബസുമാണ് കൂട്ടിയിടിച്ചത്. ബൈക്ക് മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും ബസിന്റെ മുൻഭാഗത്തെ ചില്ലും തകർന്നു.

സുജിത്തിന്റെ തലഭാഗം ഇടിച്ചാണ് ബസിന്റെ ചില്ല് തകർന്നതെന്ന് നാട്ടുകാർ പറഞ്ഞു.

ഗുരുതരമായ പരിക്കേറ്റ ഇയാളെ അരമണിക്കൂറിനുശേഷം പോലീസെത്തിയാണ് തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിലെത്തിച്ചത്. അപകടത്തെത്തുടർന്ന് അരമണിക്കൂർ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

അച്ഛൻ: സുബ്രഹ്മണ്യൻ. അമ്മ: രജനി. സഹോദരങ്ങൾ: സുജ,സ്മിതി.