കുന്നംകുളം: അത്താണിക്കൈ ബേസില്‍ യേശുദാസ് വിടപറഞ്ഞു. എന്നാല്‍ കുന്നംകുളത്തുകാര്‍ക്ക് യേശുദാസിനെ മറക്കാനാകില്ല. നഗരത്തിലെ പ്രധാന റോഡിന്, രാഷ്ട്രപതിയില്‍നിന്ന് വീരചക്രം ഏറ്റുവാങ്ങിയ ഈ പട്ടാളക്കാരന്റെ പേരാണ് കുന്നംകുളത്തുകാര്‍ നല്‍കിയത്. 

1965ലെ ഇന്ത്യ-പാക് യുദ്ധത്തിലെ പങ്കാളിത്തമാണ് കുന്നംകുളം സ്വദേശിയായ യേശുദാസിന് വീരചക്രം നേടിക്കൊടുത്തത്. യുദ്ധസമയത്ത് റഡാര്‍ സംരക്ഷണ യൂണിറ്റിലായിരുന്നു യേശുദാസ് ജോലിചെയ്തിരുന്നത്. റഡാറുകളെ ആക്രമിക്കാനെത്തുന്ന പാക് വിമാനങ്ങളെ വെടിവെച്ചിടുകയാണ് ദൗത്യം.

പാകിസ്താന്റെ വേഗമേറിയ സ്റ്റാര്‍ ഫൈറ്റര്‍ എന്ന വിമാനത്തെ വെടിവെച്ചിട്ടത് ധീരമായ പോരാട്ടത്തിലായിരുന്നു. അന്നത്തെ രാഷ്ട്രപതി എസ്. രാധാകൃഷ്ണനില്‍നിന്നാണ് യേശുദാസ് വീരചക്രം ഏറ്റുവാങ്ങിയത്. ഈ ധീരതയില്‍ നഗരസഭയും അഭിമാനംകൊണ്ടു. യേശുദാസ് താമസിച്ചിരുന്ന റോഡ് അങ്ങനെ യേശുദാസ് റോഡായി. വീരചക്രം ലഭിച്ച യേശുദാസിന്റെ ബഹുമാനാര്‍ത്ഥം സ്ഥാപിച്ച ശിലാഫലകം ഇപ്പോഴും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ട്.  

1958ല്‍ 22-ാമത്തെ വയസ്സിലാണ് യേശുദാസ് പട്ടാളത്തില്‍ ചേര്‍ന്നത്. 1961ലെ ഗോവ വിമോചന യുദ്ധം, 1962ലെ ഇന്ത്യ-ചൈന യുദ്ധം, 1965ലെയും 1971ലെയും ഇന്ത്യ-പാക് യുദ്ധങ്ങള്‍ എന്നിവയില്‍ യേശുദാസ് പങ്കുകൊണ്ടു. ഗണ്ണര്‍ ആയിട്ടായിരുന്നു തുടക്കം. 1960ല്‍ വിമാനവേധ യൂണിറ്റില്‍ അംഗമായി. 

1986ല്‍ സൈന്യത്തില്‍നിന്ന് സുബേദാറായി വിരമിച്ചു. 1936ല്‍ കുന്നംകുളത്ത് ജനിച്ച യേശുദാസ് പട്ടാളത്തില്‍നിന്ന് വിരമിച്ചതിന് ശേഷം ഏറെ വര്‍ഷങ്ങള്‍ ഇവിടെയുണ്ടായിരുന്നു. മാതാപിതാക്കളുടെ മരണത്തോടെ ഭാര്യ ഡോട്ടി ബ്രിജിറ്റിനും മക്കള്‍ക്കുമൊപ്പം പാലക്കാട്ടേക്ക് താമസം മാറി.   

കുന്നംകുളം സ്വദേശി ലബീബ് ഹസ്സന്‍ നടത്തിയ അന്വേഷണത്തിലാണ് യേശുദാസ് റോഡിന്റെ ഉടമയെ പാലക്കാട് നിന്ന് കണ്ടെത്തിയത്. 2014ലെ റിപ്പബ്ലിക് ദിനത്തില്‍ നഗരസഭയുടെ വിശിഷ്ടാതിഥിയായി യേശുദാസ് വീണ്ടും കുന്നംകുളത്ത് എത്തി.  അദ്ദേഹം മുമ്പ് താമസിച്ചിരുന്ന അത്താണിക്കൈ വീട് പൊളിച്ചുമാറ്റിയിരുന്നു. തന്റെ പേരിട്ട റോഡിന്റെ മാറ്റങ്ങള്‍ കണ്ടാണ് അദ്ദേഹം അന്ന് മടങ്ങിയത്.