തൃശ്ശൂര്‍: ജയിലിലെ ജീവനക്കാരും തടവുകാര്‍ക്കു നേരെ മൂന്നാംമുറ പ്രയോഗം തുടരുന്നു. തടവുകാരെ മര്‍ദിച്ചതിന്റെ പേരില്‍ വിയ്യൂര്‍ ജയിലിലെ മൂന്ന് ഉയര്‍ന്ന ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതും 38 പേരെ സ്ഥലം മാറ്റിയതും ഇക്കാര്യം ശരിവെക്കുന്നതാണ്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ പെരുപ്പം രൂക്ഷമാണ്. നാല് ബ്ലോക്കുകളിലായി 44 സെല്ലുകളുള്ള വിയ്യൂരില്‍ പരമാവധി 523 തടവുകാരെ പാര്‍പ്പിക്കാനാണ് സൗകര്യമുള്ളത്. ഇവിടെയിപ്പോള്‍ 900 തടവുകാരുണ്ട്.
ജയില്‍ചട്ടപ്രകാരം 1:6 എന്ന അനുപാതത്തിലാണ് വാര്‍ഡന്‍മാരെ നിയമിക്കേണ്ടത്. വിയ്യൂരില്‍ ഉള്ളതാകട്ടെ 75 വാര്‍ഡന്‍മാരുടെ തസ്തികകള്‍ മാത്രം. ഉള്‍ക്കൊള്ളാനാവുന്നതിലധികം തടവുകാരും എത്തിയതോടെ ക്രമീകരണങ്ങള്‍ താളംതെറ്റുകയാണ്. ഇത് തടവുകാരിലും ജീവനക്കാരിലും അസ്വസ്ഥതകളുണ്ടാക്കുന്നു.
സംസ്ഥാനത്തെ ജയിലുകളുടെ സ്ഥിതി പഠിക്കാന്‍ നിയോഗിച്ച നിയമസഭാ ഉപസമിതി അടിയന്തരമായി ജയില്‍ ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിക്കാന്‍ നിര്‍ദേശം നല്‍കിയിട്ട് കാലങ്ങളായി. എന്നാല്‍, ഇതില്‍ നടപടിയുണ്ടായില്ല. പ്രാഥമിക കാര്യങ്ങള്‍ നിറവേറ്റുന്നതിലും ഭക്ഷണകാര്യത്തിലുമെല്ലാം തടവുകാരുടെ ആധിക്യം അസ്വസ്ഥതയുണ്ടാക്കും. ക്രമേണ ഇത് സംഘര്‍ഷത്തിലേക്കും നീങ്ങും. തടവുകാരെ നിയന്ത്രിക്കാനുള്ള ജീവനക്കാരുടെ കുറവും തടവുകാരുണ്ടാക്കുന്ന പ്രശ്‌നങ്ങളുടെ വര്‍ധനയുമാണ് ജീവനക്കാരെ മൂന്നാംമുറയിലേക്ക് നയിക്കുന്നത്.