രാപ്പാള്‍: പറപ്പൂക്കര രാപ്പാളിലെ നാട്ടിടവഴികളില്‍ വിസ്മയക്കാഴ്ചയാണിപ്പോള്‍ വിശ്വജിത്ത് എന്ന നാലാംക്ലാസുകാരന്റെ കുഞ്ഞന്‍ ജീപ്പ്. ഓട്ടോറിക്ഷയെക്കാള്‍ അല്പം ചെറുതും ആകര്‍ഷകമായ രൂപവുമുള്ള ജീപ്പ് വിശ്വജിത്ത് തന്നെയാണ് ഓടിക്കുന്നതും.

 ഒറ്റനോട്ടത്തില്‍ മോട്ടോര്‍ വാഹനമാണ് വരുന്നതെന്ന് തോന്നുമെങ്കിലും അടുത്തറിഞ്ഞാല്‍ ആരും അദ്ഭുതപ്പെടും. കാരണം സാധാരണ സൈക്കിള്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യയിലാണ് ജീപ്പ് ഓടുന്നത്. മകന്റെ ആശയം രൂപകല്പന ചെയ്തത് അച്ഛന്‍ പേഴേരി രജീഷാണ്.

എന്നാല്‍, സൈക്കിളിന് ബോഡിയുണ്ടാക്കുക എന്ന ആശയം അച്ഛനും അമ്മ ശരണ്യക്കും സ്വീകാര്യമായി. പിന്നെ ഉപയോഗശൂന്യമായ ഫ്‌ലക്‌സ്, മരം, ഇന്റീരിയര്‍ -ഫാബ്രിക്കേഷന്‍ സാമഗ്രികള്‍, സീലിങ്ങ് വര്‍ക്കുകളുടെ ബാക്കി എന്നിവയെല്ലാം അസംസ്‌കൃത വസ്തുക്കളായി. ഉറപ്പുള്ള സ്റ്റിയറിങ് ബോക്‌സും സീറ്റുകളും വശങ്ങളില്‍ ഡോറുകളുമെല്ലാമുള്ള ജീപ്പ് ഓടുന്നത് സൈക്കിള്‍ ചക്രങ്ങളിലാണ്. 

സാധാരണ സൈക്കിള്‍ പെഡല്‍ ചവിട്ടിത്തന്നെയാണ് രജീഷിന്റെ ജീപ്പും ഓടിക്കുന്നത്. ഡ്രൈവറെക്കൂടാതെ രണ്ടുപേര്‍ക്ക് പിറകിലിരുന്ന് യാത്ര ചെയ്യാവുന്ന ജീപ്പ് നിയന്ത്രിക്കുന്നത് സ്റ്റിയറിങ്ങും ബ്രേയ്ക്കും ഉപയോഗിച്ചാണ്.

സംഭവം കേട്ടറിഞ്ഞെത്തിയ കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. വിശ്വജിത്തിന്റെ ജീപ്പ് ഓടിച്ചുനോക്കിയ ശേഷം അച്ഛനെയും മകനെയും അഭിനന്ദിച്ചാണ് മടങ്ങിയത്.