പാലിയേക്കര : ടാഗിൽ തുകയുണ്ടായിട്ടും കാർയാത്രക്കാരനെ ടോൾ പ്ലാസയിൽ തടഞ്ഞത് സാങ്കേതികത്തകരാർ മൂലം. യാത്രക്കാരൻ നിയമനടപടിക്കൊരുങ്ങുന്നു. പാലിയേക്കര ടോൾ പ്ലാസയിൽ വെള്ളിയാഴ്ച രാത്രി 8.30-ന് മാള സ്വദേശി സാലി സജീറിനെയാണ് തടഞ്ഞത്. ഇതിനെത്തുടർന്നുണ്ടായ തർക്കം വലിയ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. ടാഗിൽ ആവശ്യമായ തുകയില്ലെന്നായിരുന്നു ടോൾ അധികൃതരുടെ വാദം.

എന്നാൽ, ടോൾ ബൂത്ത് കടന്ന് ഏറെ സമയത്തിനുശേഷം സജീറിന്റെ ടാഗിൽനിന്ന് 75 രൂപ കൈമാറ്റം ചെയ്യപ്പെട്ടതായി മൊബൈൽ സന്ദേശം ലഭിച്ചു. എന്നാൽ, ഇതിനിടെ യാത്രക്കാരനെ ഒരുമണിക്കൂറോളം ടോൾ ബൂത്തിൽ തടഞ്ഞുവെച്ചിരുന്നു.

ഫാസ്ടാഗ് വിവരങ്ങൾ സഹിതം സജീർ പുതുക്കാട് പോലീസ് എസ്.എച്ച്.ഒ. ഓഫീസിലെത്തി പരാതി നൽകി. കാർ തടഞ്ഞപ്പോൾ തന്റെ അക്കൗണ്ടിൽ 750 രൂപ ബാക്കിയുണ്ടെന്നും മൊബൈലിൽ ഇതുസംബന്ധിച്ച അറിയിപ്പുണ്ടെന്നും പറഞ്ഞ കാറുടമ പിഴത്തുക നൽകാൻ തയ്യാറായില്ല. ഏറെസമയം കഴിഞ്ഞിട്ടും യാത്രക്കാരനെ കടന്നുപോകാൻ അനുവദിച്ചിരുന്നില്ല.

ഇതിനിടെ ടോൾജീവനക്കാർ സജീറിന്റെയും കാറിന്റെയും ചിത്രം മൊബൈലിൽ പകർത്തിയതും തർക്കത്തിനിടയാക്കി. അവസാനം പുതുക്കാട് പോലീസ് എസ്.എച്ച്.ഒ. സ്ഥലത്തെത്തി യാത്രക്കാരനെ കടന്നുപോകാൻ അനുവദിക്കുകയായിരുന്നു.

ഫാസ്ടാഗ് റീഡ് ചെയ്യാത്തതു സംബന്ധിച്ചും ടോൾജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ചും പരാതിയുണ്ടെന്ന് യാത്രക്കാരൻ അന്നേ അറിയിച്ചിരുന്നു. തുടർന്ന് പോലീസ് നിർദേശത്തെത്തുടർന്നാണ് ഞായറാഴ്ച സ്റ്റേഷനിലെത്തി പരാതി നൽകിയത്.

വാഹനങ്ങളുടെ ഫാസ്ടാഗ് ടോൾബൂത്തിലെ സാങ്കേതികസംവിധാനത്തിൽ റീഡ് ചെയ്യാതിരിക്കുന്നതും വാഹനങ്ങളിൽനിന്ന് പിഴയീടാക്കുന്നതും പാലിയേക്കരയിൽ പതിവാണ്. ടാഗിൽ തുകയുണ്ടെന്ന് ഉറപ്പുണ്ടായിട്ടും മിക്കവാറും വാഹനങ്ങൾ പിഴ നൽകി കടന്നുപോകാറാണ് പതിവ്. നേരത്തേ ടോൾ ബൂത്തിലെ സാങ്കേതികത്തകരാർ സംബന്ധിച്ച് ജില്ലാ കളക്ടർ സർക്കാരിന് പരിശോധനാ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെത്തുടർന്ന് കൊൽക്കത്തയിൽനിന്നുള്ള വിദഗ്ധരെത്തി സാങ്കേതികപ്രശ്നങ്ങൾ പരിഹരിച്ചതായി ടോൾ പ്ലാസ അധികൃതർ അവകാശപ്പെട്ടിരുന്നു. എന്നാൽ, സാങ്കേതികത്തകരാർ തുടരുന്നുവെന്നതിന് തെളിവാണ് തുടർന്നും ആവർത്തിക്കുന്ന സമാനമായ സംഭവങ്ങൾ.