തൃശ്ശൂർ: മുഖ്യമന്ത്രിയുടെ വിമർശനത്തോടെ ‘ഹിറ്റാ’യി മാറിയ ‘വാഴപ്പിണ്ടിസമരം’ രണ്ടാംദിവസം ആവർത്തിക്കാനുള്ള ശ്രമം യൂത്ത് കോൺഗ്രസിന് വയ്യാവേലിയായി. പെരിയ കൊലപാതകത്തിൽ സാംസ്‌കാരികപ്രവർത്തകർ പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസുകാർ സാഹിത്യ അക്കാദമി പ്രസിഡന്റിന്റെ വാഹനത്തിൽ വാഴപ്പിണ്ടിവെച്ചത്.

മാധ്യമശ്രദ്ധ നേടിയ ഈ പ്രതിഷേധത്തെ അപലപിച്ച്‌ മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ എഴുതി. വി.ടി. ബൽറാം എം.എൽ.എ. ഇതിനു കമന്റ് എഴുതുകയും ചെയ്തതോടെ സംഭവം കൂടുതൽ പ്രചാരം നേടി.

ഇതിന്റെ ആവേശത്തിലാണ് യൂത്ത് കോൺഗ്രസുകാർ വെള്ളിയാഴ്ച രണ്ടാംഘട്ട വാഴപ്പിണ്ടിസമരത്തിനിറങ്ങിയത്. മുഖ്യമന്ത്രിക്ക് തപാലിൽ വാഴപ്പിണ്ടി അയയ്ക്കുന്നതായിരുന്നു സമരം. മാധ്യമങ്ങളെയെല്ലാം അറിയിച്ച് ഹെഡ് പോസ്റ്റ് ഓഫീസിൽ എത്തിയപ്പോഴാണ് സംഗതി പാളിയത്. ഇത്തരം സാധനങ്ങൾ അയയ്ക്കാൻ കഴിയില്ലെന്ന് പോസ്റ്റ് ഓഫീസ് അധികൃതർ അറിയിച്ചു. എങ്കിൽ, സ്വകാര്യ കൊറിയർ ശരണമെന്നായി.

ക്യാമറകളും പോലീസും കാഴ്ചക്കാരും സമരക്കാരോടൊപ്പം കൊറിയർ ഓഫീസിലേക്ക്. അവിടെയും നിരസിച്ചപ്പോൾ വഴിമുട്ടി. സമരക്കാർ വാഴപ്പിണ്ടി മൂലയിൽ ചാരിവെച്ച് മറുവഴി ആലോചിച്ചിരുന്നു. ഒടുവിൽ, സാധനം റെയിൽവേ മെയിൽ സർവീസ് വഴി അയയ്ക്കുമെന്ന് മാധ്യമങ്ങളെ അറിയിച്ച സമരനേതാവ് രസീത് കാണിച്ച് ബോധ്യപ്പെടുത്താമെന്ന്‌ ഉറപ്പും നൽകി. എന്നാൽ, അവിടെയും തിരസ്‌കരിക്കപ്പെട്ട വാഴപ്പിണ്ടിക്ക് പിന്നെ എന്തു സംഭവിച്ചുവെന്ന് വിവരമില്ല. മറ്റൊരു സ്വകാര്യ കൊറിയർ സർവീസ് വഴി അയച്ചുവെന്ന് ജോൺ ഡാനിയൽ അറിയിച്ചു. സാഹിത്യ അക്കാദമിയിൽ സമരം ചെയ്തവർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.