ത്യശൂര്‍: നഗരത്തിലെ ജലസമ്പത്തായ വടക്കേച്ചിറയില്‍ നടന്നു വന്നിരുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. നവീകരിച്ച വടക്കേച്ചിറയുടെ ഉദ്ഘാടനം ഒക്ടോബര്‍ 10ന് വൈകീട്ട് 6ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. റവന്യൂ മന്ത്രി കെ. രാജന്‍, ടി.എന്‍. പ്രതാപന്‍ (എം.പി), നഗരസഭാ മേയര്‍ എം.കെ. വര്‍ഗ്ഗീസ്, പി. ബാലചന്ദ്രന്‍ (എം.എല്‍.എ), കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എം.ജി, നാരായണന്‍, വി.കെ. അയ്യപ്പന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. 

മൂന്ന് ഏക്കറിലധികം വിസ്തീര്‍ണ്ണമുള്ള വടക്കേച്ചിറയുടെ പടവുകള്‍ ശരിയാക്കി, ചിറയിലെ ചളി നീക്കി, വെള്ളം കെമിക്കല്‍ ട്രീറ്റ്‌മെന്റ് ചെയ്ത് ശുദ്ധീകരിച്ചിട്ടുണ്ട്. മതിലുകളുടെ വശങ്ങളില്‍ നിന്നുമുള്ള അഴുക്ക് ചാലുകളിലെ മാലിന്യം കലര്‍ന്ന ജലം ചിറയില്‍ പ്രവേശിക്കുന്നത് തടയുവാനും ചിറയില്‍നിന്ന് അധികജലം പുറത്തുപോകു വാനുമുള്ള സംവിധാനങ്ങളും പുനരുദ്ധാരണത്തിന്റെ ഭാഗമായി ചെയ്തിട്ടുണ്ട്. ചിറയുടെ നാലു ഭാഗത്തുമുള്ള മതിലുകള്‍ ബലപ്പെടുത്തി ചിറയ്ക്ക് ചുറ്റും പൂന്തോട്ടവും പുതിയ എല്‍.ഇ.ഡി, അലങ്കാര ദീപങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ചിറയില്‍ രണ്ട് ഫൗണ്ടനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് കുടുംബസമേതം ഇരിക്കുവാനുംസൗന്ദര്യം ആസ്വദിക്കുവാനുമായി ഇരിപ്പിടങ്ങളും ചിറയുടെ വശങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ഒരു ലഘു സസ്യഭക്ഷണശാലയും ഇവിടെ പ്രവര്‍ത്തിക്കും. ജലസവാരിക്കായി സ്വയം പെഡല്‍ ചെയ്യാവുന്ന തരത്തിലുള്ള നാല് ഫൈബര്‍ നിര്‍മിത ബോട്ടുകളുടെ സൗകര്യവും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. ബോട്ടില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്കായി സുരക്ഷിതകവചങ്ങളും (ജാക്കറ്റ്), അംഗീകൃത സര്‍ട്ടിഫിക്കറ്റുള്ള സുരക്ഷാ ഗാര്‍ഡിന്റെ സേവനവും ലഭ്യമാക്കും.

കൊച്ചി രാജകുടുംബവുമായി ബന്ധപ്പെട്ട് ചരിത്രം ഉറങ്ങിക്കിടക്കുന്ന വടക്കേച്ചിറയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത് കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമനാണ്.