വടക്കാഞ്ചേരി: ഉത്രാളിപ്പാടത്ത് ആവേശം അലയടിച്ചു...ആരവമുയർന്നു... പൂരത്രയമൊരുക്കിയത് വർണവസന്തം. പകൽ വെടിക്കെട്ട് ഒഴിവായതിനാൽ തട്ടകദേശങ്ങൾ ഇത്തവണ കുടമാറ്റത്തിൽ മത്സരം കാഴ്ചവെച്ചു. ഓലക്കുട ഉൾപ്പെടെ വൈവിധ്യമാർന്ന വർണക്കുടകളുയർത്തി കാവിനെ നിറങ്ങളിൽ നീരാടിച്ച മൂന്ന് ദേശക്കാരുടെയും കുടമാറ്റം സമ്മാനിച്ചത് വർണപ്പൊലിമയുടെ നേർക്കാഴ്ച.

മുഖാമുഖം എങ്കക്കാടും കുമരനെല്ലൂരും, കാവിനഭിമുഖമായി വടക്കാഞ്ചേരിയും നിരന്നുള്ള കുടമാറ്റം ഹർഷാരവത്തോടെയാണ് പൂരപ്രേമികൾ വരവേറ്റത്. ഉത്രാളിക്കാവിൽ രാവിലെ 11.30-ന് ആചാരവെടി മുഴങ്ങി; ശംഖുനാദമുയർന്നു.

ഭഗവതിയുടെ തിടമ്പ് തിരുവമ്പാടി ചന്ദ്രശേഖരൻ ശിരസ്സിലേറ്റിയതോടെ എങ്കക്കാടിന്റെ പഞ്ചവാദ്യപ്രമാണി കുനിശ്ശേരി അനിയൻമാരാർ തിമിലയിൽ പതികാലത്തിന് തുടക്കമിട്ടു. കുനിശ്ശേരി ചന്ദ്രൻ (മദ്ദളം), തിച്ചൂർ മോഹനൻ (ഇടയ്ക്ക), മച്ചാട് മണികണ്ഠൻ (കൊമ്പ്), പാഞ്ഞാൾ വേലുക്കുട്ടി (താളം) എന്നിവരായിരുന്നു മറ്റു പ്രമാണക്കാർ.

ടൗണിൽ ഗജഘോഷയാത്രയ്ക്കുശേഷം വടക്കാഞ്ചേരി പൂരം ശിവക്ഷേത്രത്തിൽ നടപ്പുര പഞ്ചവാദ്യത്തോടെയാണ് ആരംഭിച്ചത്. പാമ്പാടി രാജനായിരുന്നു തിടമ്പ്. അന്നമനട പരമേശ്വരമാരാരും (തിമില) തൃക്കൂർ രാജനും (മദ്ദളം) നടപ്പുരയിൽ നാദസൗന്ദര്യം നിറച്ച പഞ്ചവാദ്യത്തിന്റെ മാധുര്യം നുകരാനായി വാദ്യപ്രേമികളുടെ വൻനിരയെത്തി.

നടപ്പുരപഞ്ചവാദ്യത്തിനുശേഷം വൈക്കം ചന്ദ്രനും തൃപ്പലമുണ്ട നടരാജവാരിയരും വടക്കാഞ്ചേരിയുടെ പഞ്ചവാദ്യപ്രമാണം ഏറ്റെടുത്തു. പേരാമംഗലം വിജയൻ (കൊമ്പ്), തിരുവില്വാമല ഹരി (ഇടയ്ക്ക), മണിയൻപറമ്പിൽ മണി (താളം) എന്നിവരായിരുന്നു പ്രമാണക്കാർ.

ഗജഘോഷയാത്രയായി ഉത്രാളിക്കാവിലെത്തിയ കുമരനെല്ലൂർ ദേശം എങ്കക്കാട് പൂരം പുറത്തുകടന്നതോടെ കാവുകയറി പഞ്ചവാദ്യം തുടങ്ങി. പുതുപ്പള്ളി കേശവനാണ് തിടമ്പേറ്റിയത്. ചോറ്റാനിക്കര വിജയൻ (തിമില), ചെർപ്പുളശ്ശേരി ശിവൻ (മദ്ദളം), മച്ചാട് രാമചന്ദ്രൻ (കൊമ്പ്), പല്ലാവൂർ രാഘവപിഷാരടി (താളം), പല്ലശ്ശേന സുധാകരൻ(ഇടയ്ക്ക) എന്നിവരായിരുന്നു പഞ്ചവാദ്യപ്രമാണം. ആചാരത്തിന്റെ ഭാഗമായി സായുധ പോലീസിന്റെ അകമ്പടിയിൽ വടക്കാഞ്ചേരിയിൽനിന്ന് ആരംഭിച്ച വടക്കാഞ്ചേരി എഴുന്നള്ളിപ്പ് ഉത്രാളിക്കാവിനഭിമുഖമായി നിരന്ന് തിമില ഇടച്ചിലിൽ കലാശിച്ചു. ഉണർവിന്റെ താളങ്ങൾ പകർന്നുനൽകിയ മൂന്ന് വിഭാഗത്തിന്റെയും പഞ്ചവാദ്യം വാദ്യക്കമ്പക്കാർക്ക് സമ്മാനിച്ചത് ലയപൂർണിമ. തുടർന്നായിരുന്നു മേളത്തോടെ കുടമാറ്റം.

വടക്കാഞ്ചേരി വിഭാഗം മേളത്തിന് പെരുവനം കുട്ടൻമാരാരായിരുന്നു പ്രമാണം. എങ്കക്കാടിന് പെരുവനം സതീശൻ മാരാരും കുമരനെല്ലൂരിന് വെള്ളിത്തിരുത്തി ഉണ്ണിനായരുമായിരുന്നു പ്രധാനികൾ. കുടമാറ്റത്തിനുശേഷം മൂന്ന് ദേശത്തിന്റെയും തിടമ്പേറ്റിയ ആനകൾ കാവുകയറി ക്ഷേത്രപ്രദക്ഷിണം നടത്തി. തുടർന്ന് 33 ആനകൾ അണിനിരന്ന കൂട്ടിയെഴുന്നള്ളിപ്പിന്റെ ദൃശ്യചാരുതയ്ക്ക് ഏഴഴക്.

ഉത്രാളിപ്പാടത്ത് സൗന്ദര്യക്കാഴ്ചകൾ ഓരോന്നായി പെയ്തിറങ്ങി. തിറ, പൂതൻ, കേത്ര, കാള എന്നിവയുമായി കാവുകയറിയ ഹരിജൻവേലയും ഹൃദ്യം. രാത്രി എങ്കക്കാടിന്റെ നേതൃത്വത്തിലുള്ള വെടിക്കെട്ടും വർണാഭം.

ബുധനാഴ്ച പുലർച്ചെയുള്ള കുമരനെല്ലൂരിന്റെ വെടിക്കെട്ട് ആസ്വദിക്കാൻ സമീപ ജില്ലകളിൽനിന്നുള്ള വെടിക്കെട്ടുകമ്പക്കാർ കാവും പരിസരവും ജനസാഗരമാക്കി.