വടക്കാഞ്ചേരി: ഉത്രാളിപ്പൂരത്തിന്റെ ഭാഗമായി പന്തൽ വൈദ്യുതാലങ്കാരത്തിന്റെ സ്വിച്ച് ഓൺ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി.എസ്. സിനോജ് നിർവഹിച്ചു.
പൂരത്തിന്റെ പ്രധാനകാഴ്‌ച തിങ്കളാഴ്‌ച ആനച്ചമയപ്രദർശനമാണ്. വടക്കാഞ്ചേരിയുടെ പ്രദർശനം ടൗൺ ശിവക്ഷേത്രപരിസരത്തും കുമരനെല്ലൂരിന്റേത് കുന്നംകുളം റോഡിന്റെ ഓരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിലുമാണ്. ഉത്രാളിക്കാവിന് സമീപം കാഴ്‌ചപ്പന്തലിനോട് ചേർന്ന് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് എങ്കക്കാട് പ്രദർശനം സജ്ജീകരിച്ചിട്ടുള്ളത്.
വടക്കാഞ്ചേരി വിഭാഗം തിങ്കളാഴ്‌ച വൈകീട്ട് മൂന്ന് ആന, മേളം, കുടമാറ്റം എന്നിവയോടെ നഗരത്തിൽ മിനിപ്പൂരമൊരുക്കിയിട്ടുണ്ട്. കുമരനെല്ലൂരിന്റെ പൂരനിലാവിൽ രാത്രി ഏഴിന് നടി നവ്യാനായരുടെ നൃത്തം, വടക്കാഞ്ചേരിയുടെ സാംസ്‌കാരികവേദിയിൽ രാത്രി എട്ടിന് കലാമണ്ഡലം ഗോപി ഉൾപ്പെടെ മേജർസെറ്റ് കലാകാരന്മാർ പങ്കെടുക്കുന്ന ദക്ഷയാഗം കഥകളി, എങ്കക്കാട് കാവിൽ ഭക്തിഗാനമേള, ഫോക്ക് ഈവ്, പൂരം പ്രദർശനനഗരിയിൽ ഹാസ്യ സംഗീതനൃത്തവിസ്മയം എന്നിവയാണ് തിങ്കളാഴ്ച രാത്രിയിലെ കലാവിരുന്ന്.
ഉത്രാളിപ്പൂരത്തിന് വടക്കാഞ്ചേരി നഗരസഭാതിർത്തിയിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.