വടക്കാഞ്ചേരി: 2020 പിറന്നതിനു ശേഷം വടക്കാഞ്ചേരി മേഖലയിൽ അഗ്നി-രക്ഷാ സേന 37 സ്ഥലങ്ങളിലെത്തി അടിക്കാടുകളിൽ പടർന്ന തീ അണച്ചു. വടക്കാഞ്ചേരി-മച്ചാട് മേഖലയിൽ കാട്ടുതീ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എല്ലായിടത്തും സ്വകാര്യ തോട്ടങ്ങളിലെയും പൊതുയിടങ്ങളിലെയും പുൽമേടുകളാണ് കത്തിയത്. സാമൂഹികവിരുദ്ധർ മിക്കയിടത്തും തീയിട്ടു പോകുകയാണ്.
റെയിലോരത്തെ തീക്കളിയാണ് ഏറെ അപകടകരം.അഗ്നി-രക്ഷാ സേനയ്ക്ക് പെട്ടെന്ന് എത്തിച്ചേരുക പ്രയാസം.റെയിലിനോടു ചേർന്ന് ഉണങ്ങിനിൽക്കുന്ന പൊന്തക്കാടുകൾക്ക് തീയിടുന്നത് തീവണ്ടി യാത്രക്കാർക്കും ചരക്കുവാഹനങ്ങൾക്കും ഭീഷണിയാണ്.
അകമല-വാഴക്കോട്ട് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് തിങ്കളാഴ്ച രാത്രി തീ പടർന്നു. ജനുവരി ഒന്നിന് രാത്രിയിലും ഇതേ സ്ഥലത്ത് തീപ്പിടിത്തമുണ്ടായി.വടക്കാഞ്ചേരി,ഷൊർണൂർ എന്നിവിടങ്ങളിൽനിന്ന് എത്തിയ അഗ്നി-രക്ഷാ സേന ഏറെ പ്രയാസപ്പെട്ടാണ് നാല് ഏക്കർ സ്ഥലത്ത് പടർന്ന തീ അണച്ചത്.
സമീപത്തെ ഗ്യാസ് ഏജൻസിയിലേക്ക് തീ പടരാതിരുന്നത് ദുരന്തം ഒഴിവാക്കി.വനാതിർത്തിയോട് ചേർന്ന ഈ സ്ഥലം ഉടമസ്ഥർ ശ്രദ്ധിക്കാത്തതിനാൽ കാടുപിടിച്ചുകിടക്കുന്നു.അത്താണി വ്യവസായ മേഖലയിലുംനെഞ്ചുരോഗാശുപത്രിയുടെയും പരിസരത്ത് അടിക്കാട് കത്തൽ സാധാരണയായി.
വടക്കാഞ്ചേരി അഗ്നി-രക്ഷാസേനയ്ക്ക് തീ അണയ്ക്കാൻ വാട്ടർ ട്രന്റർ(എം.സി.യു.) ഒന്നുമാത്രമാണുള്ളത്. ഉൾവഴികളിലേക്ക് പോകുന്നതിന് സൗകര്യപ്രദമായ വാട്ടർ മിസ്റ്റ് വാഹനം ഇനിയും സംരക്ഷിത വനങ്ങൾ ഏറെയുള്ള വടക്കാഞ്ചേരി സ്റ്റേഷന് അനുവദിച്ചിട്ടില്ല.
കാട്ടുതീ തടയാൻ വനപാലകർ വനങ്ങളിൽ കാവൽക്കാരെ നിയമിച്ചിട്ടുണ്ട്. ഇതിനു പുറമെ നൂറു കിലോമീറ്ററോളം ഫയർ ലൈനും മുൻകരുതലായി എടുത്തുകഴിഞ്ഞു. വനത്തിലേയ്ക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിൽ ട്രാപ്പ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ കാട്ടുതീ ഈ മേഖലയിൽ ഉണ്ടായിട്ടില്ല.
അസുരൻകുണ്ട് അണക്കെട്ടിലേയ്ക്കുള്ള സന്ദർശകരെയും വനംവകുപ്പ് നിരോധിച്ചിരിക്കുകയാണ്. കാട്ടുതീ തടയാനുള്ള ബോധവത്കരണവും വ്യാപകമായി നടക്കുന്നു. വനമേഖലയോട് ചേർന്ന് താമസിക്കുന്നവർക്കെല്ലാം വനപാലകർ വീടുകളിലെത്തി നോട്ടീസ് നൽകിയിട്ടുണ്ട്.