വടക്കാഞ്ചേരി: നഗരസഭയുടെ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക്നിന്ന് തിരിയാൻ ഇടമില്ല. ഇതിനിടയിൽ മാസങ്ങൾ പിന്നിട്ടിട്ടും പൂർത്തീകരിക്കാത്ത കാത്തിരിപ്പു കേന്ദ്രം നിർമാണവും. മഴയും വെയിലുമേറ്റ് യാത്രക്കാർ പ്രയാസപ്പെടുന്ന സാഹചര്യമൊഴിവാക്കാൻ നീണ്ട പരാതികൾക്കൊടുവിലാണ് നഗരസഭ കാത്തിരിപ്പു കേന്ദ്രം നിർമിക്കാൻ നടപടി സ്വീകരിച്ചത്.
സംസ്ഥാനപാതയോരത്തിനഭിമുഖമായി സ്റ്റാൻഡിന്റെ പിൻഭാഗത്ത് എൽ-മാതൃകയിൽ ഷീറ്റ് മേഞ്ഞ ഇരിപ്പിട സൗകര്യത്തോടുകൂടിയ ചെറിയ ഷെഡ്ഡ്. മൂന്നു മാസമായിട്ടും കരാറുകാരൻ പണി പൂർത്തീകരിച്ചില്ല മാത്രമല്ല നിർമാണ സാമഗ്രികൾ സ്റ്റാൻഡിൽ ഉപേക്ഷിച്ചിട്ട് യാത്രക്കാർക്കും സ്റ്റാൻഡിലെത്തുന്ന ബസുകൾക്കും പ്രയാസം സൃഷ്ടിക്കുന്നു.
യാത്രക്കാരുടെ നിരന്തരമായ പരാതിയെ തുടർന്ന് കരാറുകാരനെ നഗരസഭ വിളിപ്പിച്ചതായി അറിയുന്നു. മൂന്ന് ലക്ഷം രൂപയാണ് ബസ്‌സ്റ്റാൻഡിലെ കാത്തിരിപ്പു കേന്ദ്രത്തിന് നഗരസഭ വകയിരുത്തിയിരുന്നത്.