തൃശ്ശൂർ: ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫും യു.ഡി.എഫും നടത്തിയ സംസ്ഥാന ഹർത്താൽ തൃശ്ശൂർ ജില്ലയിൽ പൂർണം. അനിഷ്‌ടസംഭവങ്ങളുണ്ടായില്ല. വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങളും കാറുകളും ഓടിയെങ്കിലും പൊതുവേ കുറവായിരുന്നു. സർക്കാർ സ്ഥാപനങ്ങളിൽ ഹാജർ കുറഞ്ഞു. ബാങ്കും വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. കെ.എസ്.ആർ.ടി.സി. ബസുകളും ഒാടിയില്ല.

തീവണ്ടിഗതാഗതം സാധാരണപോലെ നടന്നു. സുരക്ഷയ്ക്കായി വിവിധയിടങ്ങളിൽ പോലീസിനെ വിന്യസിച്ചിരുന്നു. എൽ.ഡി.എഫ്., യു.ഡി.എഫ്. പ്രവർത്തകർ ജില്ലയിലുടനീളം വിവിധയിടങ്ങളിൽ പ്രകടനം നടത്തി. ചിലയിടങ്ങളിൽ സംയുക്തമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ ധർണയും പൊതുയോഗവും സംഘടിപ്പിച്ചു. പെട്രോൾ പന്പുകൾ അടഞ്ഞുകിടക്കുകയായിരുന്നു.

തൃശ്ശൂർ നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനം ഡി.സി.സി. ഒാഫീസിൽനിന്ന് തുടങ്ങി. ഡി.സി.സി. പ്രസിഡന്റ് ടി.എൻ. പ്രതാപൻ, കെ.പി.സി.സി. സെക്രട്ടറി എൻ.കെ. സുധീർ, രാജേന്ദ്രൻ അരങ്ങത്ത്, െഎ.പി. പോൾ, കെ.വി. ദാസൻ തുടങ്ങിയവർ നേതൃത്വം നൽകി.

എൽ.ഡി.എഫ്. പ്രവർത്തകർ പ്രകടനവും പൊതുയോഗവും നടത്തി. കോർപ്പറേഷൻ ഓഫീസ് പരിസരത്ത് ചേർന്ന പൊതുയോഗം സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.എം. വർഗീസ് അധ്യക്ഷനായി. സി.എം.പി. സംസ്ഥാന സെക്രട്ടറി എം.കെ. കണ്ണൻ, എൻ.സി.പി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എ.വി. വല്ലഭൻ, എം.ജി. നാരായണൻ, ഐ.എ. റപ്പായി, സി.ആർ. വത്സൻ, എം.കെ. തങ്കപ്പൻ, പി. ബാലചന്ദ്രൻ, പി.കെ. ഷാജൻ തുടങ്ങിയവർ പ്രസംഗിച്ചു.