തൃശ്ശൂര്‍: പിഴ അനേകം ഇരട്ടിയാക്കി പുതുക്കിയശേഷം ഗതാഗതനിയമലംഘനത്തില്‍ വന്‍ കുറവെന്ന് അധികൃതര്‍. എന്നാല്‍, പിഴയടച്ചാലും ശീലം മാറ്റില്ലെന്ന വാശിക്കാരുമുണ്ട് എന്നാണ് ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇരുചക്രവാഹനയാത്രികര്‍ ഹെല്‍മെറ്റില്ലാതെയും കാര്‍ ഡ്രൈവര്‍മാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയും പിഴ അടയ്‌ക്കേണ്ടിവരുന്നുണ്ട്. മോട്ടോര്‍ വാഹനവകുപ്പിലെ എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡിലെ പകുതി ഉദ്യോഗസ്ഥരും ഇപ്പോള്‍ പരിശീലനത്തിന് പോയിരിക്കുന്നതുകൊണ്ട് പരിശോധന ഇപ്പോള്‍ കുറവാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ തൃശ്ശൂര്‍-കുന്നംകുളം, കാഞ്ഞാണി-ഗുരുവായൂര്‍ റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്കിനു പിന്നാലെയായിരുന്നു എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡുകള്‍. വ്യാഴാഴ്ച മുതല്‍ പരിശോധന കര്‍ശനമാക്കും.

മുതിര്‍ന്നവരെ സീറ്റ് ബെല്‍റ്റിടീക്കാന്‍ കുട്ടികള്‍

: കാറുകളില്‍ പിന്‍സീറ്റിലിരിക്കുന്ന യാത്രക്കാര്‍ സീറ്റ് ബെല്‍റ്റിടാത്ത പ്രവണത തുടരുന്നുണ്ട്. അവരില്‍നിന്ന് തത്കാലം പിഴയീടാക്കിത്തുടങ്ങിയിട്ടില്ല. പിന്‍സീറ്റ് യാത്രക്കാരില്‍ പലര്‍ക്കും സീറ്റ് ബെല്‍റ്റിട്ട് ശീലംതന്നെയില്ല. ഈ ശീലം വ്യാപകമാക്കുക എന്നതാണ് ലക്ഷ്യമെന്ന് എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ. ഷാജി മാധവന്‍ പറഞ്ഞു.

സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ ഉണ്ടാകുന്ന അപകടങ്ങളെപ്പറ്റി ബോധവത്കരണം നടത്തി അവരെ പറഞ്ഞയയ്ക്കുകയാണ് ചെയ്യുന്നത്. മുതിര്‍ന്നവരേക്കാളും കുട്ടികളെ പറഞ്ഞ് മനസ്സിലാക്കാനാണത്രേ എളുപ്പം. പറയുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കാനും സീറ്റ് ബെല്‍റ്റിടാനും അവര്‍ക്കാണ് കൂടുതല്‍ താത്പര്യം. അതുകൊണ്ടുതന്നെ മാതാപിതാക്കളെ സീറ്റ് ബെല്‍റ്റ് ഇടുവിക്കണ്ട ചുമതലകൂടി കുട്ടികള്‍ക്ക് കൊടുത്തിരിക്കുകയാണ് ചിലര്‍. എന്തായാലും ആളുകളുടെ മനോഭാവം മാറിവരുന്നത് ആശാവഹമാണെന്ന് ഷാജി മാധവന്‍ പറഞ്ഞു.

പിഴയടയ്ക്കാം, ൈകയില്‍ കാശില്ല

വടക്കാഞ്ചേരി ജോയിന്റ് ആര്‍.ടി. ഓഫീസ് ബുധനാഴ്ച നടത്തിയ പരിശോധനയില്‍ ഹെല്‍മെറ്റ് ധരിക്കാത്ത ആറുപേരെ പിടികൂടി.

ലൈസന്‍സില്ലാതെയും പെര്‍മിറ്റില്ലാതെയും വാഹനം ഓടിച്ച രണ്ടാളുടെ പേരിലും പിഴചുമത്തി.

ഇവരില്‍ ചിലരുടെ കൈയില്‍ നിശ്ചിത പിഴത്തുക ഉണ്ടായിരുന്നില്ല. തുകയടയ്ക്കാന്‍ ചെറിയ സാവകാശം അനുവദിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായി.

ഹെല്‍മെറ്റ് പിഴ: ഗുരുവായൂരില്‍നിന്ന് 3000

ഗുരുവായൂര്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ ഹെല്‍മെറ്റ് വേട്ടയില്‍ മൂന്നുപേര്‍ പിടിയിലായി. അവരില്‍നിന്ന് പിഴയിനത്തില്‍ 3000 രൂപ ഈടാക്കി. പരിശോധനയ്ക്കിറങ്ങിയപ്പോള്‍ ഭൂരിഭാഗംപേരും ഹെല്‍മെറ്റ് ധരിച്ചിരുന്നവരാണെന്ന് ആര്‍.ടി.ഒ. അറിയിച്ചു. ഇരിങ്ങാലക്കുട മേഖലയില്‍ ഒന്നാംതീയതി മുതല്‍ത്തന്നെ പുതുക്കിയ മോട്ടോര്‍ വാഹനനിയമപ്രകാരം പിഴയീടാക്കി ത്തുടങ്ങിയതായി പോലീസും മോട്ടോര്‍ വാഹനവകുപ്പും അറിയിച്ചു. എന്നാല്‍, പരിശോധന സജീവമായിട്ടില്ല.

കുന്നംകുളത്തും ഹെല്‍മെറ്റ് തലയിലായി

കുന്നംകുളം: ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് ആയിരം രൂപ പിഴ ഈടാക്കാന്‍ തുടങ്ങിയതോടെ നഗരത്തില്‍ ഹെല്‍മെറ്റ് ധരിച്ച് ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി പോലീസ്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാതെ വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിന് പ്രധാന റോഡുകളിലാണ് പരിശോധന നടത്തുന്നത്. വലിയ തുക നഷ്ടപ്പെടുമെന്ന ചിന്തയുള്ളതിനാല്‍ പലരും ഹെല്‍മെറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും എസ്.എച്ച്.ഒ. കെ.ജി. സുരേഷ് പറഞ്ഞു.

കൊടുങ്ങല്ലൂരില്‍ മുപ്പത് കേസുകള്‍

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ രണ്ടുദിവസമായി മോട്ടോര്‍ വാഹന വകുപ്പ് സെയ്ഫ് കേരള സ്‌ക്വാഡ് നടത്തിയ വാഹനപരിശോധനയില്‍ നിയമങ്ങള്‍ ലംഘിച്ചതിന് മുപ്പതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 30000 രൂപ പിഴയും ഈടാക്കി. ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് 10 കേസുകളാണ് ചാര്‍ജ് ചെയ്തത്. പത്തുപേരും പിഴയൊടുക്കി. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് രണ്ട് വാഹന ഉടമകളില്‍നിന്നായി 2000 രൂപ പിഴയീടാക്കി. കാര്യക്ഷമതാ സര്‍ട്ടിഫിക്കറ്റില്ലാതെ സര്‍വീസ് നടത്തിയ രണ്ട് വാഹനങ്ങള്‍ പിടികൂടി.

ഒരു വാഹനം 3000 രൂപ പിഴയൊടുക്കി. മറ്റൊരു വാഹനം പിഴയടയ്ക്കാത്തതിനാല്‍ കേസെടുത്തു. സണ്‍ ഫിലിം ഒട്ടിച്ച നാലു കാറുകള്‍ക്ക് പിഴയിട്ടു.

ബുധനാഴ്ച ജില്ലയില്‍ ആകെ 51 കേസ്; പിഴ 75,500

തൃശ്ശൂര്‍: പുതുക്കിയ പിഴ നിലവില്‍വന്നതിന്റെ നാലാംദിനമായ ബുധനാഴ്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ആകെ രേഖപ്പെടുത്തിയത് 51 കേസ്.

ആകെ കിട്ടിയ പിഴത്തുക 75,500 രൂപ. ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിക്കാത്തതും ബ്രേക്ക് ലൈറ്റ് പ്രവര്‍ത്തനക്ഷമമല്ലാത്തതും അടക്കമുള്ള ലഘുവായ നിയമലംഘനങ്ങള്‍ 13, ഫിറ്റ്‌നെസ് ഇല്ലാത്ത പെര്‍മിറ്റ് വാഹനങ്ങള്‍ അഞ്ച്, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ രണ്ട്, ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്രയാത്രികര്‍ പത്ത്, ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തത് എട്ട്, കാറുകളിലെ കൂളിങ് ഫിലിം മൂന്ന്, സീറ്റ് ബെല്‍റ്റ് അഞ്ച് ഇത്രയുമാണ് രജിസ്റ്റര്‍ ചെയ്ത ലംഘനങ്ങള്‍.

51 കേസുകളില്‍ 27 എണ്ണം മാത്രമേ പിഴയടച്ചിട്ടുള്ളൂ. ബാക്കിയുള്ളവര്‍ വരുംദിവസങ്ങളില്‍ അടയ്ക്കുമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ജലീല്‍ അറിയിച്ചു.

ബ്‌ളൂ ടൂത്ത് ആകാമോ? ആര്‍ക്കറിയാം...

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് എന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. എന്നാല്‍, ആശയവിനിമയം വയര്‍ലെസ്, ബ്ലൂ ടൂത്ത് സംവിധാനങ്ങളിലൂടെയാണെങ്കിലോ? ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. ഇതുസംബന്ധിച്ച കൃത്യമായ നിര്‍ദേശങ്ങള്‍ ഇനിയും സ്‌ക്വാഡിന് കിട്ടിയിട്ടില്ല.