തൃശ്ശൂർ : രാവിലെ മുതൽ നിലയ്ക്കാത്ത മഴ തുടങ്ങിയതോടെ നഗരത്തിൽ ഗതാഗതക്കുരുക്കും. അവധിദിവസമായതിനാൽ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങിയതും ഒപ്പം മഴയെത്തിയതും ശനിയാഴ്‌ച നഗരത്തെ ഗതാഗതക്കുരുക്കിലാക്കി. എം.ജി. റോഡിൽ ഉച്ചയോടെ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. കിഴക്കേക്കോട്ട ഭാഗത്ത് വലിയ കുരുക്കുണ്ടായതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഗ്രാമീണമേഖലകളിലും റോഡുകളിൽ വെള്ളം കയറി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

തോട്ടം മേഖലയിൽ വ്യാപകനാശം

പുതുക്കാട് : ശനിയാഴ്ചയുണ്ടായ ശക്തമായ മഴയിൽ വ്യാപകനാശം. തോട്ടം മേഖലയിലും ദേശീയപാതയുടെ പരിസരപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി.

കുറുമാലി, മണലി പുഴകളിൽ നീരൊഴുക്ക് ക്രമാതീതമായി ഉയർന്നു. തോടുകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയർന്നു. പാലിയേക്കര പഴയ ദേശീയപാതയിൽ മരം കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടു. വരാക്കരയിൽ വൈദ്യുതിക്കമ്പിയിൽ മരം വീണ് വൈദ്യുതി മുടങ്ങി. പുതുക്കാട് അഗ്നിരക്ഷാസേനയെത്തിയാണ് മരംമുറിച്ചുമാറ്റിയത്.

ദേശീയപാതയുടെ വശങ്ങളിൽ പരക്കെ വെള്ളക്കെട്ടുണ്ടായി. റോഡിന്റെ ഡിവൈഡറിനോടു ചേർന്നുള്ള ഭാഗങ്ങളിൽ വെള്ളം കെട്ടിനിൽക്കുകയായിരുന്നു. ദേശീയപാതയിൽ ശക്തമായ മഴയിൽ കാഴ്ച മറഞ്ഞത് വാഹനയാത്രക്കാരെയും വലച്ചു.

കല്ലൂർ-കള്ളായി റോഡിൽ മാവിൻചുവട് മുസ്‍ലിംപള്ളിയ്ക്ക് സമീപം റോഡിലെ വെള്ളക്കെട്ട് ദുരിതമായി. ഇവിടെ ഉച്ചയ്ക്കുശേഷം മഴ ശമിച്ചതോടെയാണ് വെള്ളക്കെട്ടൊഴിഞ്ഞത്. പാലപ്പിള്ളി തോട്ടം, വനം മേഖലയിൽ മഴ ശക്തമായതോടെ വെള്ളക്കെട്ടും നീരൊഴുക്കും വ്യാപകമായിരുന്നു. തോടുകളിൽ നിയന്ത്രണാതീതമായി ജലനിരപ്പ് ഉയർന്നത് പ്രദേശവാസികളെ ഭീതിയിലാക്കി.

കാറ്റിൽ വാഴകൃഷി നശിച്ചു

പാലിയേക്കര : ശനിയാഴ്‌ച രാവിലെയുണ്ടായ ശക്തമായ കാറ്റിൽ 300 വാഴകൾ നശിച്ചു. ഇഞ്ചോടി ദിനേശ്, തേനയഞ്ചേരി ശ്രീനാഥ്‌ എന്നിവർ പാട്ടത്തിനെടുത്ത സ്ഥലത്ത് ചെയ്ത കൃഷിയാണ് നശിച്ചത്. വിളവെടുക്കാൻ പാകമായ ഞാലിപ്പൂവൻവാഴകളാണ് നശിച്ചത്.