തൃപ്രയാർ: ആഹ്ലാദത്തിലാണ് രമ. ടി.എൻ. ഇനി എം.പി.യാണ്. എന്നാൽ, രമയുടെ മുഖത്ത് അമിതാഹ്ലാദമില്ല. ഉറപ്പുണ്ടായിരുന്നു ടി.എൻ. ജയിക്കുമെന്ന് ഒരുപക്ഷേ, അദ്ദേഹത്തേക്കാൾ. മകൻ ആഷിക്ക് പ്രതാപനോടൊപ്പമാണ്. എം.ബി.ബി.എസിന് പഠിക്കുന്ന മകൾ ആൻസി കൊല്ലത്ത് പരിശീലനപരിപാടിയിലും. ആൻസിയുടെ വിളി വന്നുകൊണ്ടേയിരിക്കുകയാണ്. അച്ഛനടുത്തേക്കെത്താൻ പറ്റാത്ത വിഷമമുണ്ടെങ്കിലും ‘അമ്മു’വാണ് ഏറ്റവും സന്തോഷത്തിലെന്ന് രമ പറഞ്ഞു.

രാവിലെമുതലേ തളിക്കുളത്ത് പ്രതാപന്റെ വീട്ടിൽ ആൾത്തിരക്കായിരുന്നു. പതുക്കെ പ്രതാപൻ മുന്നേറിയപ്പോൾ ടി.വി.ക്ക്‌ മുന്നിൽനിന്ന് ആരവമുയർന്നു. മുറ്റത്ത് പടക്കം പൊട്ടി. പ്രവർത്തകരുടെ ആഹ്ലാദത്തിൽ രമയും പങ്കുകൊണ്ടു. രണ്ടുമണിയായപ്പോഴേക്കും പ്രതാപൻ വിജയം അരക്കിട്ടുറപ്പിച്ചു. വീട്ടിലുണ്ടായിരുന്നവർക്കെല്ലാം രമ മധുരം നൽകി.

പ്രവർത്തകർ തൃശ്ശൂരിലേക്ക് പോയപ്പോൾ രമയ്ക്ക് കൂട്ട് പ്രതാപന്റെ സഹോദരപുത്രി സജു ഹരിദാസായിരുന്നു. വിജയപ്രഖ്യാപനം അനൗദ്യോഗികമായി വന്നപ്പോൾ രമ വീടിനടുത്ത തളിക്കുളങ്ങര ശങ്കരനാരായണ ക്ഷേത്രദർശനം നടത്തി. ഇനി ഗുരുവായൂരിലേക്ക് പോകണം. അത് ടി.എൻ. എം.പി.യായ ശേഷമെന്ന് നിശ്ചയിച്ചിരുന്നുവെന്നും രമ പറഞ്ഞു.