തൃശ്ശൂർ: ഉത്സവാന്തരീക്ഷത്തിൽ തൃശ്ശൂർ പൂരത്തിന് കൊടിയേറ്റി. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമായായിരുന്നു കൊടിയേറ്റം.

പാറമേക്കാവ് ക്ഷേത്രത്തിൽ ചൊവ്വാഴ്ച 12.05-നായിരുന്നു കൊടിയേറ്റം. തന്ത്രിമാരായ പുലിയന്നൂർ അനുജൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവരുടെ കാർമികത്വത്തിൽ താന്ത്രികച്ചടങ്ങുകൾക്ക് ശേഷമായിരുന്നു കൊടിയേറ്റം. വലിയപാണിയ്ക്കു ശേഷം പുറത്തേക്കെഴുന്നള്ളിയ ഭഗവതിയെ സാക്ഷിയാക്കിയാണ് ദേശക്കാർ കൊടിയുയർത്തിയത്. ചെമ്പിൽ കുട്ടനാശാരി നിർമിച്ച കവുങ്ങിന്റെ കൊടിമരത്തിൽ ആൽ, മാവ് എന്നിവയുടെ ഇലകളും ദർഭപ്പുല്ലും ഉപയോഗിച്ച് അലങ്കരിച്ചിരുന്നു. സിംഹമുദ്രയുള്ള കൊടിക്കൂറയാണ് കൊടിമരത്തിൽ ഉയർത്തിയത്.

കൊടിയേറ്റത്തിനു ശേഷം ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയർത്തി. അഞ്ചാനകളുടെ അകമ്പടിയോടെ വടക്കുന്നാഥക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടത്തി. പാറമേക്കാവ് ദേവീദാസൻ ദേവിയുടെ തിടമ്പേറ്റി. വടക്കുന്നാഥക്ഷേത്രത്തിലെ കൊക്കർണിയിൽ ഭഗവതിയുടെ ആറാട്ടും നടന്നു. ക്ഷേത്രത്തിനകത്ത് പെരുവനം കുട്ടൻമാരാർ മേളം നയിച്ചു. ബുധനാഴ്ച രാവിലെ ക്ഷേത്രത്തിലെ ആറാട്ടിനു ശേഷം ദേശങ്ങളിലെ പറയെടുപ്പിന് ഭഗവതി പുറപ്പെടും.

തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.15-നായിരുന്നു കൊടിയേറ്റം. മേൽശാന്തി പൊഴിച്ചൂർ ദിനേശൻ നമ്പൂതിരി പൂജയ്ക്ക് വിളക്കു തെളിയിച്ചു. തുടർന്ന് പാരമ്പര്യ അവകാശി താഴത്തുപുരയ്ക്കൽ സുന്ദരൻ ആചാരി ഭൂമിപൂജ നടത്തി. മകൻ സുഷിത്ത് പരികർമിയായി. ശ്രീകോവിലിൽ പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ കെട്ടിയതിനു ശേഷം നാട്ടുകാർ ചേർന്ന് കൊടിമരം ഉയർത്തി. പൂരം പുറപ്പാട് നായ്ക്കനാലിൽ എത്തിയതോടെ നടുവിലാലിലും നായ്ക്കനാലിലും പൂരപ്പതാകകൾ ഉയർത്തി.

തിരുവമ്പാടി ചന്ദ്രശേഖരൻ ഭഗവതിയുടെ തിടമ്പേറ്റി. ആചാരവെടികൾ മുഴങ്ങി. ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കലാശിച്ച് നടുവിൽമഠത്തിലെത്തി ഭഗവതി ആറാട്ട് നടത്തി. തുടർന്ന് പറയെടുപ്പിന് പുറപ്പെട്ടു. മന്ത്രി വി.എസ്. സുനിൽകുമാർ, മേയർ അജിതാ വിജയൻ, കൗൺസിലർ എം.എസ്. സമ്പൂർണ തുടങ്ങിയവർ പങ്കെടുത്തു.

Content HIghlights:thrissur pooram kodiyettam 2019 paramekkavu thiruvambadi