തൃശ്ശൂർ: പൂരത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ നാട്ടിൽ നടക്കുമ്പോൾ ആവേശച്ചൂടിലാണ് സാമൂഹികമാധ്യമങ്ങളും. പൂരം പ്രൊമോയും ട്രെയിലറുകളും ടീസറുകളും മുൻവർഷങ്ങളിലെ പൂരച്ചിത്രങ്ങളുമൊക്കെയായി പൂരത്തിന്റെ ഓർമപ്പെടുത്തലുകൾ നിറയുന്നു.

അണിനിരക്കുന്ന കലാകാരന്മാരുടെ മുതൽ കൊമ്പന്മാരുടെ വരെ ചിത്രങ്ങളും വിവരങ്ങളും സാമൂഹികമാധ്യമങ്ങളിൽ കൈമാറ്റം ചെയ്യപ്പെട്ട്‌ വൈറലാവുകയാണ്. 105 വർഷംമുൻപ് നടന്ന പൂരത്തിന്റെ ചിത്രം എന്ന കുറിപ്പോടെ പ്രചരിക്കുന്ന പൂരച്ചിത്രം തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രൂപ്പുകളിലെല്ലാം വൻ ഹിറ്റാണ്.

ആനച്ചിത്രങ്ങളിൽ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ പ്രതിഷ്ഠകളുടെ തിടമ്പ് എടുക്കാനായി തിരഞ്ഞെടുക്കപ്പെട്ട കൊമ്പന്മാരും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുമെല്ലാം തലയെടുപ്പോടെ നിൽക്കുന്നു.

പൂരത്തിന്റെ സമയക്രമവും സോഷ്യൽ മീഡിയയിൽ വ്യാപകമായി കറങ്ങുന്നുണ്ട്. പൂരത്തിന്റെ ഒരംശംപോലും അറിയാതെ പോവരുതെന്ന ലക്ഷ്യത്തിലാണ് സമയക്രമങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. മേയ് ഏഴിന് കണിമംഗലം ക്ഷേത്രത്തിലെ കൊടിയേറ്റം മുതൽ വിവിധ ക്ഷേത്രങ്ങളിലെ പൂരങ്ങളുടെ സമയക്രമം ഉൾപ്പെടെയുള്ള വിശദവിവരങ്ങളും ഇത്തരം പോസ്റ്ററുകളിലുണ്ട്.

പൂരവിശേഷങ്ങൾ ഒന്നുംതന്നെ നഷ്ടപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് സാമൂഹികമാധ്യമങ്ങളിലെ പൂരപ്രേമികൾ. പന്തലുകളുടെ കാൽനാട്ടൽ മുതൽ ഓരോ വിവരവും അറിയിക്കാൻ സജ്ജരാണ് ഓൺലൈൻ ലോകത്തെ പൂരപ്രേമികൾ.

പൂരം പ്രൊമോകളും ടീസറുകളുമാണ് മറ്റൊരു പ്രധാന ആകർഷണം. മുൻവർഷങ്ങളിലെ പൂരദൃശ്യങ്ങളിൽനിന്നുള്ള ആവേശകരമായ ചിത്രങ്ങളെടുത്താണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.