തൃശ്ശൂർ: പട്ടിലും വെൽവെറ്റിലും തീർത്ത 900 അലങ്കാരക്കുടകൾ. മോടി കൂട്ടാൻ ആലവട്ടവും വെഞ്ചാമരവും ഗജവീരന്മാർക്കുള്ള ആഭരണങ്ങളും. കണ്ണഞ്ചിപ്പിക്കുന്ന ചമയത്തിളക്കവുമായി പാറമേക്കാവ് വിഭാഗത്തിന്റെ ചമയപ്രദർശനം അഗ്രശാലാ ഹാളിൽ തുടങ്ങി.

കുടമാറ്റത്തിന് അണിനിരക്കുന്ന 15 ഗജവീരന്മാർക്കായി 60 സെറ്റ് കുടകളാണ് ഒരുക്കിയിട്ടുള്ളത്. അലങ്കാരക്കുടകൾക്കിടയിൽ സ്വർണക്കോലവും സ്വർണനിറത്തിലുള്ള നെറ്റിപ്പട്ടങ്ങളും ചമയപ്രദർശനത്തിന്റെ ഭംഗിയേറ്റുന്നു. മയിൽപ്പീലിച്ചന്തമൊരുക്കി ആലവട്ടങ്ങളും തൂവെൺമയാർന്ന വെഞ്ചാമരങ്ങളും പകിട്ട് കൂട്ടുന്നു. ആനച്ചമയങ്ങളിൽ കഴുത്തിലണിയാനുള്ള മണികളും പള്ളമണികളും കാലിൽ അണിയാനുള്ള പാദസരവുമെല്ലാം പ്രദർശിപ്പിച്ചിട്ടുണ്ട്.

ചമയപ്രദർശനം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം ഗോപി, മേയർ അജിതാ വിജയൻ എന്നിവർ മുഖ്യാതിഥികളായി. കെ. രാജൻ എം.എൽ.എ., ടി.എ. സുന്ദർമേനോൻ, കൗൺസിലർ എം. പ്രസാദ്, ഫാ. വിനു ജോസഫ്, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോൻ, സെക്രട്ടറി ജി. രാജേഷ്, വൈസ് പ്രസിഡന്റ് വി.എം. ശശി, അസിസ്റ്റന്റ് സെക്രട്ടറി കെ. മഹേഷ് തുടങ്ങിയവർ പങ്കെടുത്തു. തിരുവമ്പാടി വിഭാഗത്തിന്റെ ചമയപ്രദർശനം ഞായറാഴ്ച കൗസ്തുഭം ഹാളിൽ തുടങ്ങും.

content highlights:Thrissur Pooram 2019 Chamayam