തൃശ്ശൂർ: അതിരാവിലെ മീൻ പിടിക്കാൻ വഞ്ചിയിൽക്കയറുമ്പോൾ നെടുപുഴ വെണ്ടര വി.എം. ഷാജുവിന് രണ്ടു പ്രാർഥനകളുണ്ട്. ഒന്ന് വലനിറച്ച് മീൻ കിട്ടണം. രണ്ടാമത്തേതാണ് പ്രധാനം. തകർന്ന വഞ്ചി മുങ്ങരുതേയെന്ന്. പൊട്ടിപ്പൊളിഞ്ഞ വഞ്ചി സിമന്റും ടാറും മറ്റും വെച്ച് അടച്ചാണ് മീൻപിടിത്തം.

തൃശ്ശൂർ കോർപ്പറേഷന്റെ സഹായത്തോടെയാണ് വഞ്ചി കിട്ടിയത്. കടംവാങ്ങി വിലയുടെ പകുതി നൽകിയാണ് വഞ്ചി വാങ്ങിയത്. ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും 2018 -ലെ വെള്ളപ്പൊക്കമെത്തി. രക്ഷാപ്രവർത്തനത്തിനും മറ്റും ഈ വഞ്ചിയുപയോഗിച്ചു. റോഡിലുരഞ്ഞും കുറ്റിയിലിടിച്ചും അടി തകർന്നു. വെള്ളപ്പൊക്കത്തിൽ രണ്ട് പോത്തും രണ്ട് ആടും ഇരുപതിലധികം കോഴികളും ഷാജുവിന് നഷ്ടപ്പെട്ടു. വീടിന് കേടുപാടും പറ്റി. സർക്കാർ സഹായമായി കുറച്ചൊക്കെ കിട്ടി.

എന്നാൽ ഏക വരുമാനമാർഗമായ വഞ്ചി തകർന്നതിന് പരിഹാരമൊന്നുമായില്ല. ഒരുപാട് അപേക്ഷകൾ നൽകി. ഇപ്പോഴും ഓട്ടയടച്ചും ഏച്ചുകെട്ടിയും അതേ വഞ്ചിയിൽ മീൻ പിടിക്കാൻ പോകുന്നു. ആളുകളുടെ ജീവൻ രക്ഷിക്കാൻ തന്റെ വഞ്ചി ഉപയോഗിച്ചതിൽ ഷാജുവിന് സന്തോഷമുണ്ട്. പക്ഷേ കുടുംബം പോറ്റുന്നതിന് ഏക ആശ്രയം വഞ്ചിയായതിനാൽ, അത് നന്നാക്കാൻ എന്തെങ്കിലും സഹായം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് ഷാജുവിന്റെ അഭ്യർഥന.

ഒരു പെട്ടി ഓട്ടോയുണ്ട്. ലോൺ അടയ്ക്കാൻ കഴിയാതായതോടെ വേറെയൊരാൾക്ക് വാടകയ്ക്ക് കൊടുത്തു. കിട്ടുന്നതിൽനിന്ന് ലോൺ അടയ്ക്കും. അല്ലാതെ വരുമാനമൊന്നുമില്ല. മീൻ പിടിച്ചില്ലെങ്കിൽ പട്ടിണിയാകും. അതിനാൽ ഒഴിവാക്കാനും പറ്റില്ല. ഈ വഞ്ചി കേടുപാടുതീർക്കാൻ കയറ്റിയാൽ മാസം 1200 രൂപയ്ക്ക് വാടകയ്ക്ക് വഞ്ചിയെടുത്താണ് മീൻപിടിത്തം. കാര്യമായി ഒന്നും കിട്ടിയില്ലെങ്കിൽ വാടകയും നഷ്ടം. നെടുപുഴ കാപ്പ്, മനയ്ക്കലെ കോൾ എന്നിവിടങ്ങളിലെ ചാലിലാണ് മീൻ പിടിക്കാനിറങ്ങുന്നത്. മഴക്കാലത്ത് കോളിലും പിടിക്കും.