തൃശ്ശൂർ: സിറ്റിങ് സീറ്റായ തൃശ്ശൂർ കൈവിട്ടതിന്റെ കാരണങ്ങൾ തലനാരിഴയിട കീറി പരിശോധിക്കാൻ സി.പി.ഐ. ജില്ലാ കൗൺസിൽ യോഗം ശനിയാഴ്ച ചേരും. ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന സി.പി.ഐ. പ്രതിനിധി രാജാജി മാത്യു തോമസിന്റെ തോൽവി തന്നെയായിരിക്കും പ്രധാന അജൻഡ.

പ്രചാരണം വളരെ നേരത്തേ തുടങ്ങിയിട്ടും പ്രതീക്ഷിച്ച വോട്ടുകൾ പോലും നേടാനായില്ലെന്ന കാര്യം യോഗത്തിൽ ചൂണ്ടിക്കാണിക്കാൻ സാധ്യതയുണ്ട്. കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറിന്റെ നിയമസഭാ മണ്ഡലമായ തൃശ്ശൂരിൽ രാജാജി മൂന്നാംസ്ഥാനത്തായത് ചൂടേറിയ ചർച്ചയ്ക്ക് ഇടയാക്കും. ബി.ജെ.പി.യാണ് തൃശ്ശൂരിൽ രണ്ടാമതെത്തിയത്. യു.ഡി.എഫ്. സ്ഥാനാർഥി ടി.എൻ. പ്രതാപൻ പ്രതീക്ഷിച്ചതിലും അധികം വോട്ട്‌ നേടിയതും ബി.ജെ.പി. സ്ഥാനാർഥിക്കുണ്ടായ വോട്ടുനേട്ടവും രാജാജിക്ക്‌ ഉണ്ടായ വോട്ടുചോർച്ചയും യോഗത്തിൽ ചൂടേറിയ ചർച്ചയ്ക്കിടയാക്കും.

ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.എമ്മിൽനിന്ന് വേണ്ടത്ര സഹകരണം കിട്ടിയില്ലെന്ന് ചില സി.പി.ഐ. നേതാക്കൾക്ക് പരാതിയുണ്ട്. ഇത് ജില്ലാ കൗൺസിലിൽ ചർച്ചയ്ക്കു വരുമോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.

ഇടതുപക്ഷത്തിന്റെ ഉറച്ച വോട്ടുകൾ പോലും ചോർന്നത് ഫലപ്രഖ്യാപനത്തിന്റെ പിറ്റേന്നുമുതൽ പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിരുന്നു. സിറ്റിങ് എം.പി. ആയിരുന്ന സി.എൻ. ജയദേവനെ മാറ്റി രാജാജിയെ സ്ഥാനാർഥിയാക്കിയതിനു പിന്നിൽ പാർട്ടിയിലെ പടലപ്പിണക്കമാണെന്ന നിലപാടുള്ള ഒരുവിഭാഗം ഉണ്ട്.

തുടക്കത്തിൽത്തന്നെ കല്ലുകടിക്കിടയാക്കിയ ഈ സംഭവം മേൽത്തട്ടിൽ പാർട്ടിയുടെ കെട്ടുറപ്പിനെക്കുറിച്ച് സംശയം ഉണ്ടാക്കിയിരുന്നതായി ഇവർ ഉയർത്തിക്കാട്ടുന്നു.

മന്ത്രിയുടെ മണ്ഡലത്തിൽ പാർട്ടി മൂന്നാംസ്ഥാനത്തേക്ക് പോയതാണ് ലോക്‌സഭാ മണ്ഡലത്തിലെ തോൽവിയേക്കാൾ നാണക്കേടുണ്ടാക്കിയതെന്ന് അഭിപ്രായമുണ്ട്. സുരേഷ്‌ഗോപിയേക്കാൾ 6531 വോട്ടുകൾ കുറവാണ് രാജാജിക്ക് നേടാനായത്.