ടി.എൻ. പ്രതാപൻ (യു.ഡി.എഫ്.) 

മോദി സർക്കാർ മാറണമെന്ന പൊതുവികാരവും കേരളത്തിലെ സർക്കാർ പ്രളയാനന്തരകാലത്ത് ജനങ്ങളോട് കാണിച്ച അവഗണനയും ജനങ്ങൾക്കു മുന്നിലുണ്ട്‌. ബി.ജെ.പി.യെ നേരിടാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. എൽ.ഡി.എഫിന് കിട്ടുന്ന വോട്ടുകൾ ബി.ജെ.പി.ക്ക് ഗുണകരമാകും. ബി.ജെ.പി.ക്ക് ബദലാകാൻ എൽ.ഡി.എഫിന് കഴിയില്ലെന്നതും യു.ഡി.എഫിന് സഹായകമാകും.

തൃശ്ശൂരിൽ അഞ്ചുവർഷം എം.പി.യായിരുന്നയാളുടെ മണ്ഡലത്തിലെ അസാന്നിധ്യവും കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിലെ പരാജയവും വിലയിരുത്തപ്പെടും.

ജനങ്ങളുമായി നിരന്തര ഇടപെടലും വ്യക്തിബന്ധങ്ങൾ സ്ഥാപിച്ചുള്ള പ്രവർത്തനവും സൗഹൃദങ്ങളും 15 വർഷം എം.എൽ.എ.യായിരുന്നപ്പോഴുള്ള വികസനപ്രവർത്തനങ്ങളും സേവനവും വിശ്വാസവും അനുകൂല ഘടകമാകും.

മതേതര ബദലിന്‌ ആശ്രയം ഇടതുപക്ഷം മാത്രം

രാജാജി മാത്യു തോമസ് (എൽ.ഡി.എഫ്.)

ഈ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ഉന്നയിക്കുന്നത് നരേന്ദ്രമോദിക്കെതിരായ ദേശീയ രാഷ്ട്രീയ കാര്യങ്ങളാണ്. ജനങ്ങളെ ബാധിക്കുന്ന ഇത്തരം കാര്യങ്ങൾ അവരെ ബോധിപ്പിക്കുന്നതിൽ എൽ.ഡി.എഫ്. വിജയിച്ചിട്ടുണ്ട്.

കേരളത്തിലെ ഇടതുമുന്നണി സർക്കാരിന്റെ കഴിഞ്ഞ മൂന്ന് വർഷത്തെ ഭരണനേട്ടങ്ങൾ ഈ തിരഞ്ഞെടുപ്പിൽ അനുകൂല ഘടകമാണ്.

മോദി സർക്കാരിന്റെ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം പോയത്. ഇത് തിരിച്ചറിഞ്ഞ ജനങ്ങൾ മതേതരസഖ്യത്തിന് വോട്ട് ചെയ്യും. ബി.ജെ.പി.ക്ക് ബദലാകാൻ കോൺഗ്രസിന് കഴിയില്ല. രാഹുലിന്റെ കേരളത്തിലേക്കുള്ള രംഗപ്രവേശത്തിലൂടെ ഇക്കാര്യം കൂടുതലായി ജനങ്ങൾ മനസ്സിലാക്കി. മതേതര ബദലിന് മുഖ്യ ആശ്രയം എൽ.ഡി.എഫ്. ആണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു.

എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ഉറപ്പ്‌

സുരേഷ് ഗോപി (എൻ.ഡി.എ.)

ശുഭപ്രതീക്ഷയാണ്. എല്ലാവർക്കും എന്നെ ഇഷ്ടമാണ്. ആ ഇഷ്ടത്തെ ഞാൻ ബഹുമാനിക്കുന്നു. ഹിന്ദു വർഗീയത എന്ന് മുദ്രകുത്തി ചെറുതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത് വോട്ടർമാർ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാ വിഭാഗത്തിൽ പെട്ടവരുടെയും പിന്തുണ എൻ.ഡി.എ.യ്ക്കുണ്ട്. മോദി സർക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ച് വോട്ടർമാർക്ക് നല്ല ധാരണയുണ്ട്. അത് പോളിങ്ങിൽ എൻ.ഡി.എ.യ്ക്ക് അനുകൂലമായി മാറും. ഞാൻ ഒരാളെയും അവഹേളിച്ചിട്ടില്ല. എന്നാൽ ഒരുപാട് അവഹേളനങ്ങൾക്ക് ഞാൻ ഇരയാവുന്നുണ്ട്. അതിന് വോട്ടർമാർ ബാലറ്റിലൂടെ മറുപടി നൽകും.