തൃശ്ശൂർ: കുന്നോളം പ്രതീക്ഷിച്ചാലേ കുന്നിക്കുരുവോളം കിട്ടൂവെന്ന് പറഞ്ഞതുപോലെയായി തൃശ്ശൂരിന് സംസ്ഥാന ബജറ്റ്. മൂന്ന് മന്ത്രിമാരും ഗവൺമെന്റ് ചീഫ് വിപ്പുമടക്കമുണ്ടായിട്ടും പ്രത്യേകമായി ഒന്നും നേടിയെടുക്കാൻ തൃശ്ശൂരിന് കഴിഞ്ഞില്ലെന്നതാണ് യാഥാർഥ്യം. കാർഷിക വ്യാവസായിക മേഖലകളിൽ ഇത്തവണ അമിതപ്രതീക്ഷ വെച്ചുപുലർത്തിയിരുന്നുവെങ്കിലും ബജറ്റ് നിരാശ പരത്തി. മറ്റ് ചില ജില്ലകളിൽ വികസന പാക്കേജ് തന്നെ കൊണ്ടുവന്നെങ്കിലും തൃശ്ശൂരിന് ചില സമാശ്വാസനടപടികൾ മാത്രം.

മെഡിക്കൽ കോളേജിൽ, തിരുവനന്തപുരം ആർ.സി.സി. മോഡലിൽ ഒരു കേന്ദ്രം ഉൾപ്പെടെ വലിയ പ്രതീക്ഷയായിരുന്നു ജനങ്ങൾക്ക്. ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള തുകയിൽനിന്ന്‌ എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയല്ലാതെ മെഡിക്കൽ കോളേജ് വർഷങ്ങളായി ഉന്നയിക്കുന്ന ഒരു ആവശ്യവും ബജറ്റിൽ പരിഗണിക്കപ്പെട്ടില്ല. മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയെ മിനി ആർ.സി.സി.യാക്കി ഉയർത്തുന്നതിനുള്ള പദ്ധതികൾ ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയേറ്റത്. കൂടാതെ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ വികസനം, അമ്മയും കുഞ്ഞും ആശുപത്രി, ട്രോമ കെയർ, പേ വാർഡ്, കീമോ ഡേ കെയർ സെന്റർ, ജെറിയാട്രിക്സ് കെട്ടിട സമുച്ചയം, പാരാമെ‍ഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയുടെ വികസന നിർദേശങ്ങളെല്ലാം അവഗണിക്കപ്പെട്ടു.

എടുത്തുപറയാനുള്ളത് കേരള ലളിതകലാ അക്കാദമിക്ക് ഏഴ് കോടി രൂപ വകയിരുത്തിയെന്നതാണ്. പക്ഷേ ഇതിൽ രണ്ട് േകാടി രൂപ കേരളത്തിലെ മ്യൂസിയം സജ്ജീകരിക്കുന്നതിന് കലാകാരന്മാരെ ഉപയോഗപ്പെടുത്താനാണ് നീക്കിവച്ചിരിക്കുന്നത്. മുസിരിസ് പൈതൃക പദ്ധതി 2020-21-ൽ കമ്മിഷൻ ചെയ്യുമെന്നുള്ള പ്രഖ്യാപനമാണ് മറ്റൊന്ന്. ഡോ.ജോൺ മത്തായിയുടെ വീട് പുനരുദ്ധരിച്ച്‌ കേരളത്തിലെ ഒന്നാം തലമുറ സാമ്പത്തികശാസ്ത്രജ്ഞരുടെ സ്മാരകമായി ഉയർത്തുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും നീക്കിവെച്ച തുക എത്രയാണെന്ന് ബജറ്റിൽ പറഞ്ഞിട്ടില്ല. തൃശ്ശൂർ മൃഗശാലയിലെ മൃഗങ്ങളെ പുത്തൂരിലേക്ക് പുനരധിവസിപ്പിക്കും. ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിന് ഒരു കോടിയും കോൾമേഖലയിൽ ഇരുപ്പൂകൃഷിക്ക് ഒാപ്പറേഷൻ ഡബിൾകോൾ നടപ്പാക്കുന്നതിനായി രണ്ട് കോടിയും വകയിരുത്തിയിട്ടുണ്ട്.

തൃശ്ശൂരിലെ അഗ്രോപാർക്ക്‌, പഴങ്ങളിൽനിന്നു ൈവനുകൾ ഉണ്ടാക്കൽ എന്നിവയെക്കുറിച്ചും പരാമർശമുണ്ട്. ചെറുകിട അടിസ്ഥാനത്തിൽ പഴം-പച്ചക്കറി തുടങ്ങിയവയുടെ സമാഹരണത്തിനായി യൂബർ മാതൃകയിൽ ഇലക്‌ട്രോണിക് പ്ലാറ്റ്ഫോമിൽ വടക്കാഞ്ചേരി മുനിസിപ്പൽ പ്രദേശത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. തീരദേശപാക്കേജിനായി അനുവദിച്ച 1000 കോടിയിൽ ഒരുപങ്ക് കിട്ടുമെന്ന് പ്രതീക്ഷിക്കാം.