കയ്പമംഗലം: ഇത് ചളിങ്ങാട് ഗ്രാമം. കയ്പമംഗലം പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശം. ഹര്‍ത്താല്‍ ആഹ്വാനം ആരുടേതുമാകട്ടെ,    മൂന്നരപ്പതിറ്റാണ്ടായി ഇവിടേക്ക് ഹര്‍ത്താല്‍ എത്തിയിട്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹര്‍ത്താല്‍ പടികടക്കാന്‍പോലും അനുവദിക്കില്ലെന്ന കാര്യത്തില്‍ നാട്ടുകാരെല്ലാം ഒറ്റക്കെട്ടാണ്. 

ഇവിടെ എല്ലാമുണ്ടാകും. മുപ്പതുവര്‍ഷത്തിലധികമായി ഇതാണ് ചളിങ്ങാട്ടെ സ്ഥിതി. ആദ്യമൊക്കെ ചളിങ്ങാട് സെന്ററില്‍ മാത്രമായിരുന്നു ഇത്. പിന്നീടത് തെക്കോട്ടും വടക്കോട്ടും വ്യാപിക്കാന്‍ തുടങ്ങിയതോടെ ഇപ്പോള്‍ വടക്ക് ചെന്ത്രാപ്പിന്നി ചിറയ്ക്കല്‍മുതല്‍ തെക്ക് കാക്കാത്തുരുത്തി പള്ളിവളവുവരെ ഹര്‍ത്താല്‍ ബാധിക്കാറില്ല.

ഹര്‍ത്താല്‍ദിനത്തില്‍ വലപ്പാടുമുതല്‍ മതിലകംവരെയുള്ളവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ചളിങ്ങാട്ടെത്തുന്നുണ്ട്. ഹര്‍ത്താലില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പോലീസുകാര്‍ക്കും മറുനാടന്‍ തൊഴിലാളികള്‍ക്കും വിശപ്പടക്കാന്‍ ആശ്രയവും ചളിങ്ങാടുതന്നെ.