തൃശ്ശൂർ: കീടനാശിനി പ്രയോഗിക്കാതെ പച്ചക്കറി കൃഷി ചെയ്ത് നേട്ടംകൊയ്ത തൃശ്ശൂരിലെ കർഷകന് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ പുരസ്‌കാരം. കൈപ്പറമ്പ് പഞ്ചായത്തിലെ പുത്തൂരിൽനിന്നുള്ള ഉണ്ണികൃഷ്ണൻ വടക്കുംചേരിയാണ് കൗൺസിലിന്റെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇന്നോവേറ്റീവ് ഫാർമർ പുരസ്‌കാരനേട്ടത്തിനർഹനായത്.

ഒന്നരയേക്കറിൽ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് പച്ചക്കറികൃഷി. ഒന്നരയേക്കർ മൂന്നായിത്തിരിച്ച് ആദ്യത്തെ 50 സെന്റിൽ കൃഷിയിറക്കും. ഇത് വിളവെടുപ്പിന് പാകമാവുമ്പോൾ തൊട്ടടുത്ത 50 സെന്റിൽ അടുത്ത പച്ചക്കറി കൃഷിചെയ്യും. അങ്ങനെ വർഷം മുഴുവനും മാറിമാറി കൃഷി തുടരും. മത്തനും കുമ്പളവും വെണ്ടയും പയറുമടക്കം പ്രധാന പച്ചക്കറികളെല്ലാം കൃഷിയിടത്തിലുണ്ട്. എട്ടുവർഷമായി ഉണ്ണികൃഷ്ണൻ കൃഷിരംഗത്തുണ്ട്.

ഹാർഡ്‌വേർ എൻജിനീയറിങ് ടെക്‌നീഷ്യനായിരുന്നു ഉണ്ണികൃഷ്ണൻ. കൈപ്പറമ്പ് കൃഷിഭവൻ വഴി പച്ചക്കറികൃഷിയിൽ മൾചിങ് (പൊതയിടൽ) ഷീറ്റ് ഉപയോഗിച്ച് തുള്ളിനന സമ്പ്രദായം നടപ്പാക്കാൻ സഹായധനം ലഭിച്ചു. ഇത് വിജയിച്ചതോടെയാണ് വിപുലമായി പച്ചക്കറികൃഷിയിലേയ്ക്ക് ഇറങ്ങിയത്. രാസകീടനാശിനികൾ ഉപയോഗിക്കാത്തതിനാൽ വിളവെടുക്കുന്ന നാടൻപച്ചക്കറികൾക്ക് ആവശ്യക്കാരേറെയാണ്.

2016-ൽ തൃശ്ശൂർ ജില്ലയിലെ മികച്ച പച്ചക്കറികർഷകനുള്ള അവാർഡ് ഉണ്ണികൃഷ്ണനായിരുന്നു. ബ്ലോക്ക്‌, ഗ്രാമപ്പഞ്ചായത്ത്‌തല പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

ചൊവ്വാഴ്‌ച ഡൽഹിയിൽ നടക്കുന്ന പ്യുസ കൃഷിവിജ്ഞാൻ മേളയിൽ പുരസ്‌കാരം സമ്മാനിക്കും.