ഗുരുവായൂർ: ആനക്കോട്ടയിലെ 47 ആനവയറുകളിലേക്കുള്ള അന്നം ഒരുങ്ങുകയാണ് ഈ ദേഹണ്ഡപ്പുരയിൽ. പഴയ പുന്നത്തൂർ കൊട്ടാരത്തിന്റെ പാചകശാലയിൽ വിശ്രമമില്ലാതെ പണിയെടുക്കുന്ന ഒരാളുണ്ട്, ആനക്കാരൻ പി.സി. ബാബു.

ഒന്നര പതിറ്റാണ്ടിലേറെയായി ആനകൾക്കുള്ള സുഖചികിത്സാ ഭക്ഷണം തയ്യാറാക്കുന്നത് ബാബുവാണ്. കൊമ്പൻ മാധവൻകുട്ടിയുടെ ചട്ടക്കാരൻ കൂടിയാണ് ബാബു.

രാത്രി വീട്ടിലെത്തിയാൽ ബാബുവിന് ഉറങ്ങാൻ നേരം കിട്ടില്ല. വെളുപ്പിന് രണ്ടിനു മുമ്പ് ആനഭക്ഷണം തയ്യാറാക്കാനെത്തണം. ഗുരുവായൂർ ക്ഷേത്രനട തുറക്കുന്ന നേരം ഇവിടെ അടുപ്പിൽ തീ പുകയും. മൂന്നു വലിയ ചെമ്പുകളിലായി 150 കിലോ അരി, 50 കിലോ വീതം ചെറുപയറും മുതിരയും. വേവ് കുറയാനോ കൂടാനോ പാടില്ലാത്തതുകൊണ്ട് നല്ല ജാഗ്രത വേണമെന്ന് ബാബു പറയുന്നു.

നേരം വെളുത്തു തുടങ്ങുമ്പോഴേയ്ക്കും എല്ലാം തയ്യാറാകും. രാവിലെ ആറരയ്ക്ക് 'കുത്തൽ' തുടങ്ങും. ചെമ്പുകളിൽ നിന്ന് ചോറും മുതിരയും പയറും നന്നാക്കി ഇളക്കിയെടുത്ത് 47 ബക്കറ്റുകളിലേയ്ക്ക് മാറ്റുന്നതിനാണ് കുത്തൽ എന്നു പറയുന്നത്.

ക്ഷേത്രത്തിൽ ശീവേലിക്കുള്ള ആനകൾക്ക് ആദ്യം എടുത്തുവെയ്ക്കും. ഭക്ഷണം നിറച്ച ഓരോ ബക്കറ്റിലും അതത് ആനകളുടെ പേരുകളുള്ള ബോർഡ് കുത്തിവെയ്ക്കും.

ഉച്ചയ്ക്ക് ച്യവനപ്രാശവും മറ്റുമരുന്നുകളുടെ മിശ്രിതവും ചേർത്താൽ സുഖചികിത്സാ ഭക്ഷണം 'വിളമ്പാറാ'യി.

thrissur
ആനകള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കി പേരെഴുതി വെച്ചിരുക്കുന്നു. ഫോട്ടോ: മനീഷ് ചേമഞ്ചേരി

ഭക്ഷണം വെയ്ക്കുന്നതിന് രണ്ടുപേർ സഹായത്തിനുണ്ട്. ആനക്കമ്പക്കാർ കൂടിയായ താമരയൂർ സ്വദേശികൾ വിബിനും അച്ചുവും. ഓരോ വർഷവും ജൂലായിൽ നടക്കുന്ന സുഖചികിത്സാ കാലത്താണ് ഈ ദേഹണ്ഡപ്പുര കൂടുതൽ സജീവമാകുന്നത്. അല്ലാത്ത ദിവസങ്ങളിൽ പനമ്പട്ട തന്നെയാണ് പ്രധാന തീറ്റ.

പ്രായമായതും പല്ലില്ലാത്തതുമായ ആനകൾക്കു മാത്രമേ ദിവസവും ചോറ് തയ്യാറാക്കുന്നുള്ളൂ.ആനക്കോട്ടയിൽ അതിരാവിലെ പട്ടയെടുക്കാൻ വന്ന ആനകൾഎല്ലാദിവസവും നൽകുന്ന മറ്റ് ഇനങ്ങൾ:പനമ്പട്ട-9,800 കിലോ, തീറ്റപ്പുല്ല്-2,450 കിലോ, വാഴപ്പിണ്ടി- 100 കിലോ.

പനമ്പട്ട പങ്കിടൽരാവിലെ ഏഴിന് ആനക്കോട്ടയുടെ വടക്കേ മുറ്റത്ത് പനമ്പട്ട നിരത്തിയിടും. ഓരോ ആനകളുടെയും തീറ്റയളവനുസരിച്ച് പട്ടകളുടെ 'പങ്കിടൽ' ആണ് ആദ്യം. സ്കൂളിൽ പേര് വിളിച്ചുവരുന്ന കുട്ടികളുടെ അതേ അനുസരണയോടെ ആനകൾ ഓരോന്നായി എത്തി പട്ടയെടുത്തുപോകും. മദപ്പാടിലുള്ളവയാണെങ്കിൽ അവയ്ക്കുള്ള പട്ടയ്ക്ക് പകരക്കാരനായി മറ്റൊരാനയും എത്തും. വിസ്തരിച്ച തേച്ചുകുളിയും വ്യായാമത്തിനായി രണ്ടുനേരം നടത്തവും സുഖചികിത്സാ കാലത്തെ ചിട്ടവട്ടങ്ങളാണ്.

thrissur
ആനക്കോട്ടയില്‍ അതിരാവിലെ പട്ടയെടുക്കാന്‍ വന്ന ആനകള്‍. ഫോട്ടോ: മനീഷ് ചേമഞ്ചേരി