ഒല്ലൂര്‍: കുടിവെള്ള പദ്ധതിക്ക് കൊണ്ടുവന്ന  പൈപ്പുകള്‍ റോഡരികില്‍ വര്‍ഷങ്ങളായി അട്ടിയിട്ട് കിടക്കുന്നു. സാര്‍ക് പദ്ധതി പ്രകാരം തുടങ്ങിവെച്ച  ഒല്ലൂര്‍എടുക്കുന്നി ശുദ്ധജല വിതരണ പദ്ധതിക്ക് എത്തിച്ച 500 എം.എം. വ്യാസമുള്ള നൂറു കണക്കിനു വലിയ പൈപ്പുകളാണ് ഒല്ലൂരിലും സമീപ പ്രദേശങ്ങളിലും വഴിമുടക്കികളായി കിടക്കുന്നത്.പനംകുറ്റിച്ചിറ ഗവ. യു.പി. സ്‌കൂളിന് മുമ്പിലും റെയില്‍വേ  മേല്‍പ്പാലത്തിനു മുകളിലുമാണ് കൂടുതല്‍ പൈപ്പുകളുള്ളത്.  ഈ പ്രദേശങ്ങളില്‍ അതിനാല്‍ വാഹന പാര്‍ക്കിങ്ങിനും സൗകര്യമില്ല.

കാല്‍നടയാത്രികര്‍ക്കുള്ള ഭാഗങ്ങളിലാണ് ഇവ അട്ടിയിട്ടിരിക്കുന്നത്. ഒല്ലൂര്‍ സോണല്‍ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നതാണ് പദ്ധതി. ഒല്ലൂര്‍ ജങ്ങ്ഷനിലൂടെ കമ്പനിപ്പടി, ക്രിസ്റ്റഫര്‍ നഗര്‍, പള്ളി പരിസരം എന്നിവിടങ്ങളിലേക്ക്  പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനാണ് വാട്ടര്‍ അതോറിട്ടി വലിയ  പൈപ്പുകള്‍ കൊണ്ടുവന്നത്. എന്നാല്‍ ആയിടയ്ക്ക് ഒല്ലൂര്‍ മെയിന്‍ റോഡ് മെക്കാഡം ടാറിടല്‍ നടത്തിയതിനാല്‍ ഗാരന്റി കാലാവധിയായ രണ്ടുവര്‍ഷം കഴിയാതെ  വെട്ടിപ്പൊളിക്കാനാകില്ലെന്ന് പി.ഡബ്ല്യു.ഡി. അറിയിച്ചു. പൈപ്പ് സ്ഥാപിക്കാനുള്ള അനുമതിയും നല്‍കിയില്ല. തുടര്‍ന്നാണ് ഇവ വിവിധയിടങ്ങളില്‍  കൂട്ടിയിട്ടത്. എന്നാല്‍ റോഡിന്റെ ഗാരന്റി കാലാവധി പിന്നിട്ട് ഒരുവര്‍ഷം കഴിഞ്ഞിട്ടും പൈപ്പിടല്‍ നടന്നില്ല. ആറാട്ടുപുഴയില്‍ നിന്നുള്ള നഗരജല വിതരണ പദ്ധതിയുടെ ഭാഗമായി മരത്താക്കര പ്രദേശങ്ങളിലേക്കും ഈ പദ്ധതി നടപ്പിലായാലേ വെള്ളം കിട്ടൂ എന്ന  സ്ഥിതിയാണ്.

ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍  മുമ്പേ പൂര്‍ത്തിയായതാണ്. എന്നാല്‍ പൈപ്പുകളിടാന്‍ റോഡ് വെട്ടിപ്പൊളിക്കുന്നതിന് പി.ഡബ്‌ള്യു.ഡിയുടെ അനുമതി തേടിയിട്ടുണ്ടെന്നും ഇതിനുവേണ്ടി കെട്ടിവെയ്ക്കാനുള്ള പണം സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന മുറയ്ക്ക് നിര്‍മാണ ജോലികള്‍ ആരംഭിക്കുമെന്നും വാട്ടര്‍ അതോറിട്ടി അധികൃതര്‍ പറഞ്ഞു.  ഒല്ലൂര്‍ വ്യവസായ എസ്റ്റേറ്റിനുള്ളില്‍ ഇതിനുവേണ്ടി 20ലക്ഷം ലിറ്റര്‍ ശേഷിയുള്ള പുതിയ ജലസംഭരണിയും നിര്‍മിക്കും.