തൃപ്രയാർ: മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ ചിതാഭസ്മം വലപ്പാട് ബീച്ചിൽ കടലിൽ നിമജ്ജനം ചെയ്തു. തൃശ്ശൂരിൽനിന്ന് കൊണ്ടുവന്ന ചിതാഭസ്മം വലപ്പാട് ബീച്ചിൽനിന്ന് നൂറുകണക്കിനാളുകളുടെടെ അകമ്പടിയോടെ നാമജപത്തോടെയാണ് ബ്രഹ്മതേജോമയം ക്ഷേത്രത്തിനു മുന്നിലൂടെ കടലോരത്തേക്ക് എത്തിച്ചത്. ക്ഷേത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും രതീഷ് ശാന്തിയുടെ കാർമികത്വത്തിൽ പ്രാർത്ഥനയും പൂജയും നടന്നു.
ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ചിതാഭസ്മമടങ്ങിയ കുടം ശിരസ്സിലേറ്റി കടലിലിറങ്ങി നിമജ്ജനം ചെയ്തു. ബി.ജെ.പി. സംസ്ഥാന വൈസ്‌പ്രസിഡന്റ് എം.എസ്. സമ്പൂർണ, മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി. ശ്രീധരൻ, ടി.വി. ബാബു, ഷാജുമോൻ വട്ടേക്കാട്, കെ.പി. ജോർജ്, രവികുമാർ ഉപ്പത്ത്, ജെസ്റ്റിൻ ജേക്കബ്, അനീഷ് ഇയ്യാൽ, ഉല്ലാസ് ബാബു, സേവ്യൻ പള്ളത്ത്, പ്രമീള സുദർശനൻ, റിഷൈൻ നെടിയിരിപ്പിൽ, ഗോപിനാഥ് വന്നേരി എന്നിവർ നേതൃത്വം നൽകി.