കൊടുങ്ങല്ലൂർ: മഹാപ്രളയത്തെ അതിജീവിച്ച ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലയിലേക്ക് ഗൃഹാതുരസ്മരണകളോടെ ധനമന്ത്രി തോമസ് ഐസക് എത്തി.

യു.പി. സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന കാലംമുതൽ ആനാപ്പുഴ കായലോരത്തെ പഴയ വായനശാലയിലെ അംഗവും നിത്യസന്ദർശകനുമായിരുന്നു അദ്ദേഹം. ഇപ്പോൾ ആനാപ്പുഴ ശ്രീകുരുംബ ഭഗവതീക്ഷേത്രപരിസരത്തെ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വായനശാലയിലെത്തിയ മന്ത്രി പഴയകാലത്തിന്റെ ഓർമ പുതുക്കി. അന്നത്തെ ഓടുമേഞ്ഞ വായനശാലയുടെ മുകളിൽ കോളാമ്പിമൈക്ക് സ്ഥാപിച്ച് പൊതു റേഡിയോ പ്രവർത്തിപ്പിച്ചതിനെക്കുറിച്ചുള്ള ഓർമകൾ ചുറ്റുമുള്ളവരോട് പങ്കുവെച്ചു.

പ്രളയജലം ഒഴുകിയെത്തി വായനശാലയ്ക്കകത്ത് വെള്ളം ഉയർന്നുതുടങ്ങിയതോടെ മുപ്പതിനായിരത്തിലേറെ പുസ്തകങ്ങളെ നെഞ്ചോടുചേർത്ത് സംരക്ഷിച്ച പ്രദേശത്തെ ചെറുപ്പക്കാരുടെ സേവനത്തെയും മന്ത്രി പ്രശംസിച്ചു. വായനശാലയിലെ അത്യപൂർവവും അമൂല്യവുമായ പുസ്തകങ്ങൾ ആധുനിക രീതിയിൽ സംരക്ഷിക്കുന്നതിന് എല്ലാ സഹായങ്ങളും മന്ത്രി വാഗ്ദാനം ചെയ്തു. വായനശാല ഭാരവാഹികളായ സെക്രട്ടറി യു.ടി. പ്രേംനാഥ്, പ്രസിഡന്റ് അനിൽകുമാർ തുടങ്ങിയവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.