പുത്തൂർ : കാറ്റിന്റെ ഭീകരതയെ അവഗണിച്ച് തൊഴുത്തിലിരുന്ന് മുട്ടത്ത് വീട്ടിൽ തോമസും ഭാര്യ ജിജിയും പ്രാർഥിച്ചത് ഓമനിച്ചുവളർത്തുന്ന പശുക്കൾ നിൽക്കുന്ന തൊഴുത്തിനൊന്നും സംഭവിക്കല്ലേ എന്നായിരുന്നു. ചുഴറ്റി കശക്കിയെറിയുന്ന കാറ്റിൽ തെങ്ങും മറ്റു മരങ്ങളും നടുമുറിഞ്ഞ്‌ തൊഴുത്തിനു നേരെ വന്നെങ്കിലും പിന്നീടത് വട്ടംകറങ്ങിവീണത് വീട്ടുമുറ്റത്തും മുൻവശത്തെ റോഡിലും. സുവോളജിക്കൽ പാർക്കിനു സമീപം ആനക്കുഴി മാഞ്ചേരിയിലെ ക്ഷീരകർഷകരാണിവർ.

കറവ തുടങ്ങിയതോടെ കാറ്റ് വീശിത്തുടങ്ങി. മൂന്ന് മിനിറ്റ്‌ നീണ്ടുനിന്ന കാറ്റിന്റെ ഭീകരശബ്ദവും മരങ്ങൾ നിലംപൊത്തുന്നതും സമീപവീടുകളുടെ ഓടും ഷീറ്റുമെല്ലാം പറന്നുപോകുന്നതുമൊക്കെ കണ്ട്‌ ഭയപ്പെട്ടെങ്കിലും ഇരുവരും വീടിനുള്ളിലേക്ക് പോകാൻ ശ്രമിച്ചില്ല. തുടർന്ന് പാൽ കറന്നെടുക്കാനും ഇവർ മുതിർന്നില്ല. രാവിലെ 40 ലിറ്റർ പാലാണ് ലഭിക്കുന്നത്. പിന്നീട് കാറ്റ് ശമിച്ച് തൊഴുത്തും പശുക്കളും സുരക്ഷിതമെന്ന് ബോധ്യപ്പെട്ടശേഷമാണ് ഇവർ വീടിനുള്ളിലേക്ക് പോയത്. സമീപത്തെ മാളിയേക്കൽ ബാബുവിന്റെ വീട്ടിൽ പതിനാറ് ആടുകളുണ്ടായിരുന്നു. കൂടിന് തകർച്ചയുണ്ടായെങ്കിലും ആടുകൾക്ക് ഒന്നും സംഭവിച്ചില്ല. ബുധനാഴ്ചയിലെ കാറ്റിൽ മലയോരത്ത് വൻ നാശനഷ്ടമുണ്ടായെങ്കിലും മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഒരിടത്തും അപായമുണ്ടായില്ല.