തിരുവില്വാമല : തിരുവില്വാമല ക്ഷേത്രം ബസ് സ്റ്റാൻഡിൽനിന്ന് ലാഭകരമായി ഓടുന്ന കെ.എസ്.ആർ.സി. സർവീസുകൾ നിർത്താൻ ശ്രമം. കോട്ടയത്തേക്കുള്ള സർവീസ് ചേലക്കരയിലെ സ്വകാര്യബസ് മുതലാളിയുടെ ശ്രമഫലമായി നീക്കംചെയ്തതെന്ന ആരോപണം നിലനിൽക്കെ കൂടുതൽ സർവീസുകൾ നിർത്താൻ ശ്രമിക്കുന്നതായാണ് ആരോപണമുയരുന്നത്. ജനങ്ങൾ പ്രതികരിച്ചതോടെ ഒരാഴ്ചയോളം മുടങ്ങിയ കോട്ടയം സർവീസ് കഴിഞ്ഞദിവസം പുനരാരംഭിക്കേണ്ടതായി വന്നു. വണ്ടി ശബരിമലയ്ക്ക് വിട്ടെന്നായിരുന്നു അന്ന് അധികൃതർ നൽകിയ വിശദീകരണം.
കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ തിരുവില്വാമലക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അധികൃതരെ നേരിട്ടു വിളിച്ചും പരാതി പറഞ്ഞു.
തിരുവില്വാമലവഴി ചെറുതും വലുതുമായ പത്ത് പ്രധാന സർവീസുകളാണ് കെ.എസ്.ആർ.ടി.സി. നടത്തുന്നത്. ഇതിൽ ദീർഘദൂര സർവീസുകളാണ് നിർത്തൽ ഭീഷണി നേരിടുന്നത്. ഇതെല്ലാം യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായ സമയങ്ങളിലായതിനാൽ സർവീസ് നഷ്ടത്തിലല്ലായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
തിരുവില്വാമല - കോട്ടയം സർവീസിന് പ്രതിദിനം 25,000 രൂപ കളക്ഷൻ ലഭിച്ചിരുന്നു. ഇത്തരത്തിൽ ലാഭകരമായി നടത്തുന്ന സർവീസുകളാണ് നിർത്താൻ ശ്രമിക്കുന്നത്. ഇത് സ്വകാര്യബസുകളെ സഹായിക്കാനാണെന്നാണ് നാട്ടുകാരുടെ ആരോപണം. രാവിലെ 4.55-ന് തിരുവില്വാമല-തൃശ്ശൂർ (ലോക്കൽ), രാവിലെ 5.55-ന് തിരുവില്വാമല-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, രാവിലെ 6.15-ന് പാലക്കാട്- ഗുരുവായൂർ (ലോക്കൽ), രാവിലെ 6.20-ന് മണ്ണാർക്കാട്-പാലാ (എഫ്.പി.), രാവിലെ 6.50-ന് തിരുവില്വാമല-കോട്ടയം (എഫ്.പി.), രാവിലെ ഏഴിന് ഒറ്റപ്പാലം-വടക്കഞ്ചേരി (ലോക്കൽ), രാവില 7.25-ന് പാലക്കാട്- മെഡിക്കൽ കോളേജുവഴി- തൃശ്ശൂർ (ലോ ഫ്‌ളോർ), രാവിെല 7.35-ന് തിരുവില്വാമല-അങ്കമാലി (ലോക്കൽ), ഉച്ചയ്ക്ക് 2.05-ന് പാലക്കാട്-ഗുരുവായൂർ (ലോക്കൽ) ഉച്ചയ്ക്ക് 2.35-ന് മണ്ണാർക്കാട് -പാലാ (എഫ്.പി.), വൈകീട്ട് 4.30-ന് ഒറ്റപ്പാലം - വടക്കഞ്ചേരി (ലോക്കൽ), വൈകീട്ട് അഞ്ചിന് കോഴിക്കോട് -വടക്കഞ്ചേരി (എഫ്.പി.) എന്നിവയാണ് ഇവിടടത്തെ പ്രധാന സർവീസുകൾ.
ബസ് പുനരാരംഭിക്കണമെന്നുകാട്ടി രമ്യാ ഹരിദാസ് എം.പി.യും യു.ആർ. പ്രദീപ് എം.എൽ.എ.യും കെ.എസ്.ആർ.സി. മേധാവികൾക്ക് കത്തു നൽകിയിരുന്നു.