കുന്നംകുളം: അഞ്ഞൂർ റോഡിൽ തെക്കേപ്പുറത്ത് വർഷങ്ങളോളം തണലേകിനിന്ന 'സർക്കാർ മാവ്' ഒാർമയായി. മാവിന്റെ അടിഭാഗം ദ്രവിച്ച് അപകടാവസ്ഥയിലായതോടെ പൊതുമരാമത്തുവിഭാഗം ഇത് മുറിച്ചുനീക്കി.

തെക്കേപ്പുറത്തെ ഈ മാവിനെ സർക്കാർ മാവെന്നാണ് വിളിക്കാറ്. ആരാണ് അങ്ങനെ പേരുനിശ്ചയിച്ചതെന്നുപോലും ഓർമയില്ല.

പഴമക്കാരുടെ നാവിലും സർക്കാർ മാവെന്നാണ് പേര്. മാവിനുസമീപം വീടുകളും വഴിയോരക്കച്ചവടങ്ങളുമുണ്ട്.

അടിഭാഗം ദ്രവിച്ചതോടെ നല്ല ഉയരമുള്ള മാവ് വീഴുമെന്ന അവസ്ഥയിലായി. അപകടാവസ്ഥ കണക്കിലെടുത്ത് കൗൺസിലർ എ.എസ്. ശ്രീജിത്ത് നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി. ഉദ്യോഗസ്ഥരെത്തി പരിശോധിച്ച് അപകടസാധ്യതയുണ്ടെന്ന് വിലയിരുത്തി. പിന്നീട് പൊതുമരാമത്തുവകുപ്പിലേക്ക് കൈമാറി.

റോഡരികിൽ നിൽക്കുന്ന അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുനീക്കാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത് മുറിച്ചുനീക്കിയത്.

ഇൗ മാവിനുപകരം വഴിയരികിലെ അനുയോജ്യമായ സ്ഥലങ്ങളിൽ വെള്ളിയാഴ്ച പത്തു മാവിൻതൈകൾ നടുമെന്ന് കൗൺസിലർ എ.എസ്. ശ്രീജിത്ത് പറഞ്ഞു.