തൃശ്ശൂർ: ആരവത്തിന്റെ പര്യായമായി ആനയെ പറയാമെങ്കിൽ അതാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. കഴിഞ്ഞ പൂരത്തിന് തെക്കേ ഗോപുരനട തള്ളിത്തുറക്കാൻ രാമചന്ദ്രനെത്തിയപ്പോൾ ഈ ആരവം പൂരംപോലെ വലുതായിരുന്നു. ഈ വരവാണ് വിലക്കു നീങ്ങാനുള്ള വഴിതുറന്നതും.

ഇത്രയും വലിയ ആൾക്കൂട്ടത്തിനിടയിലൂടെ ശാന്തനായി നടന്ന രാമനെ എങ്ങനെ വിലക്കാനാകുമെന്നതായിരുന്നു ഒരു ചോദ്യം. വിലക്ക് നീങ്ങിയതോടെ ഉത്സവപ്പറമ്പുകളിൽ ‘രാമൻ ഇഫക്ട്’ വീണ്ടുമെത്തും. വിലക്കുനീക്കലിന്റെ നൂലാമാലകൾ കഴിഞ്ഞാൽ ഉടൻ എഴുന്നള്ളിപ്പുണ്ടാകും എന്നാണ് അറിയുന്നത്.

‘പത്തുദിവസത്തിനുള്ളിൽ’ എന്ന മോഹനവാഗ്ദാനമാണ് തെച്ചിക്കോട്ടുകാവ് ദേവസ്വം മുന്നോട്ടുവയ്ക്കുന്നത്. രാമൻ ഫാൻസിനെ ആഘോഷത്തിൽ ആറാടിക്കാൻ ഇതിൽക്കൂടുതലൊന്നും വേണ്ടിവരില്ലെന്നുറപ്പ്. ഏറ്റവും പൊക്കവും തലപ്പൊക്കവുമുള്ള ആനയില്ലാത്തത് പല ഉത്സവപ്പറമ്പുകളിലും ശൂന്യതയുണ്ടാക്കിയിരുന്നു. ഇതിനെല്ലാം അറുതിയാകുകയാണിവിടെ.

കഴിഞ്ഞ തൃശ്ശൂർ പൂരത്തിനുയർന്ന ഏറ്റവും വലിയ ചോദ്യം രാമൻ വരുമോ എന്നതായിരുന്നു. അവസാനനിമിഷം വരെ അനിശ്ചിതത്വത്തിന്റെ മുൾമുനയിൽ നിർത്താനും ഈ ചോദ്യത്തിന് സാധിച്ചു. രാമചന്ദ്രനുവേണ്ടി സമരങ്ങളും കഴിഞ്ഞ പൂരക്കാലത്ത് അരങ്ങേറി. രാമചന്ദ്രനില്ലെങ്കിൽ ആനകളെ പിൻവലിക്കുമെന്നുവരെ പറയേണ്ടിവരുന്നു. പൂരത്തിന് മാസങ്ങൾക്കുമുമ്പുതന്നെ വിലക്ക് നീങ്ങിയതിനാൽ ഇത്തവണ ഇത്തരമൊരു അനിശ്ചിതത്വം ഒഴിവായി.