തൃപ്രയാർ: കെട്ടിപ്പിടിച്ചൊരു തട്ടൽ, പിന്നെയൊരു തലോടലും. വോട്ടറുടെ മനസ്സ് കീഴടക്കുന്ന ’പ്രതാപതന്ത്രം’ നാലാംവട്ടവും സൂപ്പർ ഹിറ്റായപ്പോൾ കടലിന്റെ മകൻ ഡൽഹിയിലേക്ക്.

ഹാട്രിക് തികച്ച കൃഷ്ണൻ കണിയാംപറമ്പിലെന്ന ജനകീയമുഖത്തെ 2001-ൽ നാട്ടികയിൽ നേരിടുമ്പോൾ പ്രതാപന് കരുത്ത് ആത്മവിശ്വാസം മാത്രമായിരുന്നു. ഇടതു കോട്ടയെന്നറിയുന്ന നാട്ടികയിൽ പ്രതാപൻ ജയിക്കുമെന്ന് കോൺഗ്രസുകാർ പോലും കരുതിയിരുന്നില്ല. എന്നാൽ, മുന്നിലെത്തുന്നവരുടെ തോളിൽ തട്ടിയും മുഖത്ത് തലോടിയും പ്രതാപൻ അവരുടെ മനസ്സും വോട്ടും സ്വന്തമാക്കി.

പിന്നീടൊരുവട്ടം കൂടി നാട്ടികയിൽ ജയിച്ച പ്രതാപൻ മൂന്നാം ഊഴത്തിനിറങ്ങിയത് കൊടുങ്ങല്ലൂരിൽ. അവിടെയും രാഷ്ട്രീയമല്ല, വോട്ടറുടെ മനസ്സിൽ സ്നേഹം നിറച്ചാണ് പ്രതാപൻ വിജയക്കൊടി പാറിച്ചത്. ഇത്തവണ തൃശ്ശൂരിലും പ്രതാപന്റെ ചുവട് പിഴച്ചില്ല. വനിതാ വോട്ടുകൾ സുരേഷ്‌ഗോപി കൈയടക്കുമെന്ന പ്രചാരണത്തിനിടയിലും ആത്മവിശ്വാസത്തോടെ മുന്നേറി. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സൗഹൃദങ്ങളാണ് പ്രതാപനെ തുണച്ചിട്ടുള്ളത്. സ്വന്തം പാർട്ടിയിലെ ചില മുതിർന്ന നേതാക്കളെങ്കിലും പ്രതാപനോട് അകൽച്ച കാണിച്ചപ്പോഴും തൃശ്ശൂരിൽ ജയം കണ്ടതിനു പിന്നിൽ ആ സൗഹൃദമാണ്. പതിറ്റാണ്ടുകളായി പ്രതാപൻ കെട്ടിപ്പടുത്ത സ്നേഹ,സൗഹൃദ തരംഗം.