ഒട്ടിച്ചേർന്ന് ജനിച്ച അഞ്ച് പൂച്ചക്കുട്ടികൾക്ക് ശസ്ത്രക്രിയയിലൂടെ പുതുജീവൻതൃശ്ശൂർ: കുഞ്ഞുമണിപ്പൂച്ചയുടെ ഒട്ടിച്ചേർന്ന് ജനിച്ച അഞ്ചു മക്കൾക്ക് ഇനി പുതുജീവൻ. വെറ്ററിനറി ഡോക്ടർ സുശീൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ ഇവയെ വേർപെടുത്തിയെടുത്തു. ഇപ്പോൾ അഞ്ചുപേരും കളിച്ചും പാലുകുടിച്ചും ആരോഗ്യത്തോടെ കഴിയുന്നു.

മണലൂർ പാലാഴി ആലത്തി ശോഭനയുടെ വീട്ടിൽ തള്ളപ്പൂച്ചയുടെ മൂന്നാം പ്രസവത്തിൽ ജനിച്ച അഞ്ചെണ്ണവും പൊക്കിൾക്കൊടിയുടെ ഭാഗം ഒട്ടിച്ചേർന്നാണിരുന്നത്. ശസ്ത്രക്രിയയിലൂടെയല്ലാതെ ഒട്ടിച്ചേർന്നുകിടക്കുന്ന കുട്ടികളെ സാധാരണ പുറത്തെടുക്കാനാകില്ല. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ കുഞ്ഞുമണിപ്പൂച്ചയുടേത്‌ സുഖപ്രസവമായിരുന്നു.

ശരീരം ഒട്ടിച്ചേർന്നു കിടക്കുന്നതിനാൽ പൂച്ചക്കുട്ടികൾ നിർത്താതെ കരച്ചിലായിരുന്നു. സമീപത്തെ വെറ്ററിനറി ഡോക്ടർമാരെ ഫോണിൽ വിളിച്ച് തിരക്കിയപ്പോൾ രക്ഷപ്പെടാൻ സാധ്യതയില്ലെന്ന മറുപടിയായിരുന്നു. ശോഭനയുടെ മക്കളായ ആർദ്രയും അമൽകൃഷ്ണയും തള്ളപ്പൂച്ചയെ തലോടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പിന്നീട് മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലെ ഡോ. അനൂപിന്റെ നിർദേശപ്രകാരം അന്തിക്കാട് വെറ്ററിനറി പോളിക്ലിനിക്കിലെ സർജനും തെക്കുംപാടം സ്വദേശിയുമായ ഡോ. സുശീൽകുമാറും സംഘവും ചേർന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു.

മണ്ണുത്തി വെറ്ററിനറി കോളേജിലെ വിദ്യാർഥി ഗൗരി വേണുഗോപാൽ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ മുഹമ്മദ് റാഫി, കാർത്ത്യായനി, ആശുപത്രി ജീവനക്കാരി സുജാത എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

നാലുവർഷം മുമ്പാണ് റോഡരികിൽ കിടന്ന ഹിമാലയൻ ഇനത്തിൽപ്പെട്ട പൂച്ചയെ ശോഭനയുടെ മക്കളായ ആർദ്രയ്ക്കും അമൽകൃഷ്ണയ്ക്കും കിട്ടിയത്. അവശയായി റോഡിൽ കിടന്ന പൂച്ചയെ ഇവർ വീട്ടിൽ കൊണ്ടുവന്ന് കുഞ്ഞുമണിയെന്ന് പേരിട്ട് വളർത്താൻ തുടങ്ങി. ഹിമാലയ ഇനത്തിൽപ്പെട്ട പൂച്ചകൾക്ക് വലുപ്പവും പ്രതിരോധശേഷിയും കൂടുതലാണെന്ന് ഡോ. സുശീൽകുമാർ പറഞ്ഞു.

Content Highlights: Surgery for five kittens born together, Veterinary Surgery