തൃപ്രയാർ: സുരേഷേട്ടൻ എം.പി.യായാൽ പോര, കേന്ദ്ര മന്ത്രിയാകണമെന്ന് ആവേശത്തോടെ പറഞ്ഞ പ്രവർത്തകനെ നോക്കി സുരേഷ് ഗോപി ചിരിച്ചു. റോഡ്‌ഷോയുടെ സമാപനസ്ഥലമായ കഴിമ്പ്രം പനച്ചിച്ചോട്ടിലാണ് തന്നെ കാണാനെത്തിയവരുമായി സുരേഷ് ഗോപി സംസാരിച്ചത്. നട്ട വെയിലിൽ നൂറുകണക്കിന് പേരാണ് സുരേഷ് ഗോപിയെ കാണാനെത്തിയത്. കാറിലും ബൈക്കുകളിലുമായി തന്നോടൊപ്പം സഞ്ചരിക്കുന്ന പ്രവർത്തകർക്ക് ചൂടേൽക്കുന്നതിനെക്കുറിച്ചും സുരേഷ് ഗോപി സംസാരിച്ചു. താൻ നിൽക്കുന്ന വാഹനത്തിലും നല്ല ചൂടാണെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കാനുള്ള പദ്ധതികൾ നടപ്പാക്കുമെന്നും മഴ പെയ്താൽ വെള്ളം മുഴുവൻ കടലിലേക്കൊഴുകുന്നതിനു പകരം ഭൂമിക്കടിയിലേക്കാഴ്ന്നിറങ്ങുന്നതിനാവശ്യമായ ബോധവത്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച സുരേഷ് ഗോപി ഇപ്പോഴുള്ള അനുഗ്രഹം ഇരട്ടിയായാൽ വൻ ഭൂരിപക്ഷം ലഭിക്കുമെന്നും പറഞ്ഞു. തന്നെ കാണാനെത്തിയവർക്ക് കൈകൊടുത്തും അവരോട് കുശലാന്വേഷണം നടത്തിയുമാണ് സുരേഷ് ഗോപി മടങ്ങിയത്. തീരദേശറോഡിലൂടെ നിശ്ചയിച്ചിരുന്ന റോഡ് ഷോ ദേശീയ പാതയിലൂടെയായിട്ടും വിവരമറിഞ്ഞ് ഒട്ടേറെ പേരാണ് സുരേഷ് ഗോപിയെ കാണാൻ കാത്തുനിന്നത്. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ഭാരവാഹികളായ അനീഷ് ഇയ്യാൽ, ജസ്റ്റിൻ ജേക്കബ്, സേവ്യൻ പള്ളത്ത്, ഷൈൻ നെടിയിരിപ്പിൽ, ഇ.പി. ഹരീഷ്, കെ.വി. ലൗലേഷ് എന്നിവർ സുരേഷ് ഗോപിയെ അനുഗമിച്ചു.