തൃശ്ശൂർ: ആരാണ് ഭാരതീയനെന്ന ചോദ്യം സംഘർഷഭരിതമായ ചരിത്രത്തിലേയ്ക്കാണ് കൂട്ടിക്കൊണ്ടുപോവുകയെന്ന് സുനിൽ പി. ഇളയിടം. ഭാരതമെന്നത് ഒരു ഗ്രന്ഥത്തിന്റെ പേരാണ്. അത് പെരുകിപ്പെരുകി മഹാഭാരതമാവുകയായിരുന്നു. ഭൗമം സോഷ്യൽ ഇനീഷ്യേറ്റീവിന്റെ നേതൃത്വത്തിൽ സാഹിത്യ അക്കാദമി ഹാളിൽ നടന്ന ‘ആരാണ് ഭാരതീയൻ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിർണായക സന്ദർഭങ്ങളിൽ സത്യം പറയുന്നതാണ് നീതിബോധം. ആൾദൈവങ്ങളോടെല്ലാം ഇത് പറഞ്ഞുകൊടുക്കണം.

ഹിന്ദുസ്ഥാനിൽ ഹിന്ദുവെന്നതും സ്ഥാൻ എന്നതും വൈദേശികമാണ്. ഹിന്ദുവെന്നത് ദേശവാസിയുടെ പേരാണ്. അല്ലാതെ മതത്തിന്റെ പേരല്ല. ഇന്ത്യൻ സംസ്‌കൃതി സത്താപരമായ എന്തെങ്കിലും സവിശേഷതകളുള്ളതല്ല. തനിമയെന്ന അസംബന്ധമായ ആശയത്തെ പലവഴിക്ക്‌ നമ്മൾ മറികടക്കേണ്ടിവരും.

നമ്മുടെ നാടാണ് ഏറ്റവും മഹനീയമെന്ന് എല്ലാവരും കരുതുന്ന സന്ദർഭം ഉണ്ടാവാറുണ്ട്. മനുഷ്യവംശത്തിന്റെ ചരിത്രം നോക്കിയാൽ അവർ മനുഷ്യവംശം മാത്രമായി പിറക്കുകയോ നിലനിൽക്കുകയോ ചെയ്തിട്ടില്ലെന്ന് അറിയാനാവുമെന്നും ഇളയിടം പറഞ്ഞു. സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ഡോ. പി.വി. കൃഷ്ണൻനായർ അധ്യക്ഷനായി. ഭൗമം സോഷ്യൽ ഇനീഷ്യേറ്റീവ് പ്രസിഡന്റ് പി.എൽ. ജോമി, കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.