ആളൂർ : തിരുവോണപ്പിറ്റേന്ന് അമ്മയ്ക്ക് മകന്‍റെ കൈകൊണ്ട് ദാരുണാന്ത്യം. മദ്യലഹരിയിൽ വീട്ടിലെത്തിയ മകൻ അമ്മയെ വീട്ടുമുറ്റത്തെ കിണറ്റിലെറിഞ്ഞ്‌ കൊലപ്പെടുത്തി. ആളൂർ പറമ്പി റോഡ്‌ കണക്കൻകുഴി വീട്ടിൽ അമ്മിണി(70)യാണ് മരിച്ചത്. മകൻ ദിനേശ് എന്നു വിളിക്കുന്ന സുരേഷി(40)നെ ആളൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്‌ച വൈകുന്നേരം നാലരയോടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. അയൽവീട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. അമിതമദ്യപാനിയായ സുരേഷ് വീട്ടിലും നാട്ടുകാരുമായും വഴക്കുണ്ടാക്കുക പതിവാണെന്ന് സമീപവാസികൾ പറഞ്ഞു. പ്രായാധിക്യംമൂലം അവശതയിലായിരുന്നു അമ്മിണി. മദ്യലഹരിയിൽ ഇയാൾ അമ്മയെ എടുത്ത് കിണറ്റിലെറിഞ്ഞതാണെന്ന് പോലീസ് എസ്.ഐ. സുബിന്ദ് പറഞ്ഞു.

അമ്മിണിയും മക്കളായ സുധീഷും സുരേഷും കുടുംബവുമാണ് വീട്ടിൽ താമസം. മൂത്തമകൻ സുധീഷ്‌ അവിവാഹിതനാണ്. സംഭവസമയത്ത് സുധീഷ് വീട്ടിലുണ്ടായിരുന്നില്ല. സുരേഷിന്‍റെ ഭാര്യയും മകളും മാളയിൽ ആശുപത്രിയിലായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് അടുത്ത ദിവസം രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. ചാലക്കുടി അഗ്നിരക്ഷാസേന അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ബിജു ആൻറണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കിണറ്റിലിറങ്ങി മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കിണറ്റിൽ പൊങ്ങിക്കിടക്കുകയായിരുന്നു.