തൃശ്ശൂർ: സിംസണെ തളർത്താം, തകർക്കാനാകില്ല. ഇടഞ്ഞ ആന കുത്തിമറിച്ചിട്ട ബസിനടിയിൽപ്പെട്ട് ശരീരം തളർന്ന്, കാഴ്ചപോയ സിംസൺ വിധിയെ പഴിക്കുന്നില്ല. ബാക്കിയായ ജീവിതം ജീവിച്ചുകാണിച്ചു കൊടുക്കുകയാണ്.

നാടകനടനായും യൂത്ത് കോൺഗ്രസ് നേതാവായും കോൺക്രീറ്റ് പണിക്കാരനായും ഒാടിനടന്നിരുന്ന ഒരാൾ ആറ് വർഷത്തിലേറെയായി ചലനശേഷിയും കാഴ്ചയുമില്ലാതെ കഴിയേണ്ടിവന്നാൽ സാധാരണക്കാരാണെങ്കിൽ തകര്‍ന്നുപോകും. പക്ഷേ, സിംസൺ അക്കൂട്ടത്തിൽപ്പെടില്ല.

ചിറ്റിലപ്പള്ളിക്കടുത്തുള്ള ചിറ്റാട്ടുകരയിലെ കൊച്ചു വീട്ടിൽ കരവിരുതിന്റെ കൗതുകലോകം സൃഷ്ടിക്കുകയാണ് ഇദ്ദേഹം. പ്ലാസ്റ്റിക് സ്ട്രോ, മുത്ത്, കല്ലുകൾ, മരങ്ങൾ മുതലായവ കൊണ്ടാണ് ചന്തമുള്ള കൗതുകവസ്തുക്കൾ ഉണ്ടാക്കുന്നത്. ശരീരം തളർന്നപ്പോൾ ചേക്കേറിയതാണ്‌ ഇൗ കലാവാസന.

2017 ഫെബ്രുവരി 16-ന് രാവിലെ കോൺക്രീറ്റ് പണിക്കായി ബസിൽ പോകുകയായിരുന്നു സിംസൺ. അന്ന് 36 വയസ്സ്. േകച്ചേരിക്കടുത്ത് എത്തിയപ്പോഴാണ് ഇടഞ്ഞോടിയെത്തിയ കൊമ്പൻ ബസ് കുത്തിമറിച്ചത്. ബസിനടിയിൽ മണിക്കൂറുകളോളം കുടുങ്ങിയ സിംസൺ മരിച്ചുവെന്നാണ് എല്ലാവരും കരുതിയത്. 50 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം തിരികെയെത്തി. ഇരുമ്പുദണ്ഡുവെച്ചുറപ്പിച്ച കൈകൾക്കും തലയ്ക്കും മാത്രം ചലന ശേഷിയുമായി. പക്ഷേ, കാഴ്ച പോയിരുന്നു.

simson

ജീവിതം തിരിച്ചുപിടിക്കാനല്ല, കരകൗശല വസ്തുക്കളുണ്ടാക്കിത്തുടങ്ങിയത്. പക്ഷേ, ഇപ്പോൾ സുഹൃത്തുക്കളെത്തി ഇവ വാങ്ങാമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ട്. ചിറ്റാട്ടുകര പള്ളിയുടെയും മറ്റം പള്ളിയുടെയും രൂപം മുത്തിൽ കന്പികോർത്തുണ്ടാക്കിയിരിക്കുന്നു. പറന്പിൽനിന്ന് മക്കൾ തേടിയെടുത്ത ചെറുകല്ലുകൾ കൊണ്ടാണ് മാതാവിന്റെ രൂപത്തിന് ഗ്രോട്ടോ ഉണ്ടാക്കിയിരിക്കുന്നത്. പാഴായിക്കിടന്ന ചെറു പ്ലാസ്റ്റിക് ഗോളങ്ങൾകൊണ്ടും ചെറിയ പ്രാർഥനാക്കൂട് ഉണ്ടാക്കിയിട്ടുണ്ട്. വരുന്ന ക്രിസ്‌മസിന് വിൽക്കാമെന്ന് കൂട്ടുകാർ ഉറപ്പുനൽകിയതിനാൽ വിവിധ നിറങ്ങളിലുള്ള പ്ലാസ്റ്റിക് -ചില്ല് സ്ട്രോകൾകൊണ്ട് നക്ഷത്രമുണ്ടാക്കാൻ തുടങ്ങിയിരിക്കുകയാണ്.

മരുന്നുകൾക്ക് മാസംതോറും നല്ല തുക വേണം. മാസത്തിലൊരിക്കൽ മല-മൂത്ര ബാഗുകൾ മാറ്റണം. ഭാര്യ നിഷ പെട്രോൾപമ്പിൽ ജോലിചെയ്ത് കിട്ടുന്നതാണ് ഏക വരുമാനം. മക്കളായ എൽന, ലെന എന്നിവരുടെ സ്കൂൾ വിദ്യാഭ്യാസച്ചെലവും ഇതിൽനിന്ന് കണ്ടെത്തണം. വീട്ടിൽ സിംസണ് സഹായത്തിനായി അമ്മ റോസിലി ഒപ്പമുണ്ട്.