ചാലക്കുടി: പ്രളയത്തിൽ അകപ്പെട്ട തന്നെ ദൈവദൂതരെപ്പോലെ രക്ഷപ്പെടുത്തിയ സാഹസികരായ യുവാക്കളെ കാത്ത് എൽ.ഐ.സി. സെക്യൂരിറ്റി ജീവനക്കാരൻ. ചാലക്കുടി എൽ.ഐ.സി. ഓഫീസിന്റെ സെക്യൂരിറ്റി ജീവനക്കാരനായ മുത്രത്തിക്കര കോഴിക്കാട്ട് വിജയ (67) നാണ് തൻറെ ജീവൻ രക്ഷിച്ച യുവാക്കളെ തേടുന്നത്.

വെള്ളം ഉയർന്ന ഓഗസ്റ്റ് 16-ന് നിലയില്ലാതെ, പുഴപോലെ ഒഴുകിയ മാർക്കറ്റ് റോഡിലെ വെള്ളത്തിൽനിന്ന്‌ അതിസാഹസികമായി കരയ്ക്കെത്തിച്ച് പേരുപോലും പറയാതെ അടുത്ത രക്ഷാപ്രവർത്തനത്തിന് യുവാക്കൾ യാത്രയായി- വിജയൻ ഓർക്കുന്നു.

16-ന് രാവിലെ എട്ടിനാണ് മാർക്കറ്റ് റോഡിലുള്ള എൽ.ഐ.സി. ഓഫീസിൽ വിജയൻ ഡ്യൂട്ടിക്കെത്തിയത്. ഈ സമയം കനത്ത മഴയായിരുന്നു. റോഡിലൂടെ വെള്ളം നിറഞ്ഞൊഴുകുന്നു. വെള്ളപ്പൊക്കത്തിന്റെ ലക്ഷണങ്ങളൊന്നുമില്ല. വൈകാതെ മാനേജരുൾപ്പെടെ രണ്ടുപേർ ഡ്യൂട്ടിക്കെത്തി. ഒമ്പതരയോടെ രംഗം മാറി. പുഴ കരകവിഞ്ഞ് മാർക്കറ്റ് റോഡിലേക്ക് വെള്ളമെത്തിത്തുടങ്ങി. ഓഫീസിന്റെ ഗേറ്റിന് സമീപമായി വെള്ളം; നിലയ്ക്കാത്ത മഴയും. ഇതോടെ ഓഫീസ് അടച്ച് സഹജീവനക്കാർ പോയി. ഒന്നാം നിലയിലേക്കുള്ള പ്രവേശനമാർഗവും അടഞ്ഞു. 10 മണിക്ക് വെള്ളം ഓഫീസ് കോമ്പൗണ്ടിലേക്ക്. ഓഫീസറെ വിവരമറിയിക്കുവാൻ നിരന്തരം ഫോൺ ചെയ്‌തെങ്കിലും കിട്ടുന്നില്ല. ഫോണിലെ ബാറ്ററിയുടെ ചാർജാണെങ്കിൽ കുറഞ്ഞുവരുന്നു. അപ്പോഴേക്കും റോഡിലൂടെയുള്ള യാത്ര പൂർണമായും നിലച്ചു. മഴയ്ക്ക് ശമനമില്ല. മേലുദ്യോഗസ്ഥന്റെ അനുമതി വാങ്ങാതെ പോകാനും മടി. ഫോൺ കിട്ടുന്നില്ല. ഉച്ചയ്ക്ക് ഒന്നരവരെ ശ്രമം തുടർന്നു. വെള്ളം ഓഫീസിന്റെ പടികൾ കയറി, സെക്യൂരിറ്റി മുറിയുടെ ഉള്ളിലേക്ക്. ഡെസ്‌കിൽ കയറി ഇരിപ്പായി. ഇതിനിടയിൽ മാനേജരെ ഫോണിൽ കിട്ടി. തന്റെ ജീവൻ അപകടത്തിലാവുന്ന നിലയിൽ വെള്ളം ഉയരുകയാണെന്ന് അറിയിച്ചു. രക്ഷപ്പെടുത്താൻ പോലീസിലും ഫയർഫോഴ്‌സിലും അറിയിക്കാമെന്ന് മറുപടി ലഭിച്ചു. ഓഫീസിൽ കുറച്ച് സമയംകൂടി ചെലവഴിച്ചു. എന്നാൽ ഇനി നിൽക്കുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കി രണ്ടുംകല്പിച്ച് പുറത്തിറങ്ങി. നേരം നാലുമണിയോടടുത്തു. റോഡിൽ എത്തണമെങ്കിൽ തന്നെ നീന്തണം. പണ്ട് പുഴയിൽ നീന്തൽ പഠിച്ച ആത്മബലത്തിൽ നീന്താൻ തന്നെ തീരുമാനിച്ചു. നീന്തി ഗേറ്റുവരെയെത്തി. തുറന്നു കിടന്നിരുന്ന തെക്കേ ഗേറ്റുവഴി റോഡ് മറികടക്കണം. ഇവിടെ ട്രാൻസ്‌ഫോർമറുണ്ട്. അതിനടുത്ത് നീന്തിയെത്തിയാൽ അടുത്തടുത്ത തുരുത്തുകൾ താണ്ടി കരയ്ക്കെത്താം. ഈ ലക്ഷ്യത്തോടെ ശക്തിയായി നീന്തി. എന്നാൽ ലക്ഷ്യം തെറ്റി. ചുഴിയിൽപ്പെട്ട് വെള്ളത്തിനടിയിലേക്ക്. ജീവിതം നഷ്ടപ്പെട്ടുവെന്ന് കരുതിത്തന്നെ ഒഴുകുമ്പോൾ, തൊട്ടടുത്ത കെട്ടിടത്തിന്റെ ഷട്ടറിൽ തട്ടി നിന്നു. ഷട്ടറിൽ പിടിമുറുക്കി. കൈ വഴുതുന്നു. വിട്ട കൈ ഷട്ടറിന്റെ അടുത്തപാളിയിലേക്ക്. ജീവിതം തീരുന്നു. നോക്കിയപ്പോൾ ചാലക്കുടി ഫൊറോന പള്ളിയുടെ മണിമാളിക കാണാം. അങ്ങോട്ടേക്ക് നോക്കി സർവശക്തിയും ഉപയോഗിച്ച്, രക്ഷിക്കണേ എന്നു വിളിച്ച് ഉച്ചത്തിൽ കരഞ്ഞു. വിളിക്ക് അർത്ഥമുണ്ടായി. അടുത്ത നിമിഷം അടുത്തേക്ക് രണ്ട് യുവാക്കൾ ദൈവദൂതരെ പോലെ നീന്തിയടുക്കുന്നു. നാവ് തളർന്നതിനാൽ അവരോടൊന്നും ഉരിയാടാൻ കഴിഞ്ഞില്ല. പെട്ടെന്ന് മുടിയിൽ ആരോ പിടിക്കുന്നു. യുവാക്കളിൽ ഒരാൾ നീന്തിയെത്തി തന്നെ പിടിച്ചതാണ്. ശക്തമായി വലിച്ച് തൊട്ടടുത്ത കെട്ടിടത്തിനടുത്തെത്തിച്ചു. എവിടെയൊ പിടികിട്ടി. അവിടെനിന്നും പള്ളിക്കടുത്തേക്ക്് നീന്താൻ ശ്രമിച്ചെങ്കിലും വിഫലമായി. യുവാക്കൾ അവിടെ കണ്ട കോണിയിൽ വിജയനെ പിടിച്ചിരുത്തി. ചേട്ടൻ പേടിക്കണ്ട, ജീവനുണ്ടെങ്കിൽ ഞങ്ങൾ തിരിച്ചുവരും, ഇവിടെനിന്നും ഒരുകാരണവശാലും താഴെ ഇറങ്ങരുത് - അവർ വാക്ക് നൽകി. യുവാക്കൾ അവർ വന്ന ഭാഗത്തേക്കുതന്നെ തിരിച്ച് നീന്തി. അപ്പോഴേക്കും സമയം ആറുമണിയോടടുത്തിരുന്നു. അവർ വാക്കുപാലിച്ചു. അവർ തിരിച്ചുവന്നത് തനിച്ചല്ല, ഫയർഫോഴ്‌സുമായാണ്. ഫയർഫോഴ്സ് കയർ ഇട്ടുതന്ന്‌ അതിൽ പിടിച്ച് ടയറിൽ കയറ്റിയാണ് രക്ഷപ്പെടുത്തിയത്. യുവാക്കളും നീന്തി പള്ളിക്ക് സമീപം എത്തി. തന്നെ അവിടെയിരുത്തി പേരുപോലും പറയാതെ പ്രളയത്തിൽ അകപ്പെട്ട മറ്റു ജീവനുകൾ രക്ഷിക്കാൻ അവർ പുറപ്പെട്ടു - വിജയൻ ഓർത്തു.