കൊരട്ടി: ദേശീയപാതയിൽ കാറുകളുടെ കൂട്ടിയിടിയിൽ നിയന്ത്രണം വിട്ട് കാറുകളിലൊന്ന് താഴ്ചയിലേക്കു വീണു. അങ്കമാലി ഭാഗത്ത്നിന്ന്‌ ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറുകളിലൊന്നിന്റെ പുറകെ മറ്റൊരു കാർ ഇടിച്ചാണ് അപകടം. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല.

പാതയുടെ വലത് ഭാഗത്തുകൂടി പോയിരുന്ന കാർ മീഡിയന് സമീപം കെട്ടിക്കിടന്നിരുന്ന മഴവെള്ളത്തിൽ തെന്നി നിയന്ത്രണം വിട്ട് ഇടത് ലൈനിൽ എത്തുകയായിരുന്നു. ഇതേ സമയം പുറകെ വന്ന മറ്റൊരുകാറും അതേ ലൈനിൽ എത്തിയതോടെയാണ് നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലെ സംരക്ഷണ വേലി തകർത്ത് എതാണ്ട് ആറടിയിലധികം താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്.

അടുത്തിടെയാണ് ദേശീയപാത നിർമാണ കമ്പനി ഇവിടെ സംരക്ഷണ വേലി നിർമിച്ചത്. ഇടിയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാരും പോലീസുമാണ് താഴേക്കു വീണ കാറിനുള്ളിലുണ്ടായ ആളെ പുറത്തേക്ക് എടുത്തത്. ഇയാളെ പോലീസ് ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു. ദേശീയ പാതയുടെ കിഴക്ക് ഭാഗത്തും ചൊവ്വ, ബുധൻ ദിവസങ്ങളിലായി രണ്ടു വാഹനങ്ങളും മറിഞ്ഞിരുന്നു. ദേശീയ പാതയിലെ വെള്ളക്കെട്ടാണ് രണ്ടപകടങ്ങൾക്കും കാരണമായി പറയുന്നത്.