പീച്ചി: കുതിരാൻ ദേശീയപാതയിൽ ഭാരവാഹനങ്ങൾ നിയന്ത്രിച്ച് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രാവിലെ എട്ടു മുതൽ രാത്രി ഒൻപതു വരെ ഭാരവാഹനങ്ങൾ പ്രവേശിപ്പിക്കില്ല.

വാഹനങ്ങളുടെ അനിയന്ത്രിതമായ തിരക്കുമൂലം കുതിരാനിൽ അറ്റകുറ്റപ്പണി ചെയ്യാൻ സാധിക്കുന്നില്ലെന്ന് നിർമ്മാണക്കമ്പനി ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കളക്ടർ എസ്. ഷാനവാസിന്റെ അധ്യക്ഷതയിൽ ചേംബറിൽ നടന്ന യോഗത്തിലാണ് തീരുമാനം.

2013-ൽ കുതിരാൻ മേഖലയിൽ പൂർണമായും ടാറിട്ടപ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള ചരക്ക് വാഹനങ്ങൾ വാളയാറിലും തൃശ്ശൂർ ഭാഗത്തു നിന്നുള്ളവ മണ്ണുത്തിയിലും പിടിച്ചിട്ടിരുന്നു. ഇതിന് സമാനമായ രീതിയിലായിരിക്കും ടാറിടൽ പൂർത്തിയാകും വരെ ഭാരവാഹനങ്ങൾക്കുള്ള നിയന്ത്രണം.

രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെ കുതിരാൻ മേഖലയിൽ ഗതാഗതനിയന്ത്രണം ഉണ്ടെങ്കിലേ അറ്റകുറ്റപ്പണികൾ തീർക്കാനാവൂ എന്നാണ് കമ്പനി നിലപാടെടുത്തത്. ഇപ്രകാരം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയാൽ നാലു ദിവസത്തിനുള്ളിൽ കുതിരാൻ മേഖലയിലെ അറ്റകുറ്റപ്പണി പൂർണമായും പൂർത്തീകരിക്കാൻ പറ്റുമെന്നും അവർ ഉറപ്പു നൽകി.

രൂക്ഷമായ ഗതാഗതക്കുരുക്കാണ് കുതിരാനിൽ ഉള്ളത്. ഇതുകൊണ്ടുതന്നെ റോഡ് നിർമ്മാണത്തിനായി കൊണ്ടുവരുന്ന ടാർ മിശ്രിതം പൂർണമായും ഉപയോഗിക്കാൻ കഴിയില്ല. ഒരു ലോഡ് ടാർ മിശ്രിതം പരമാവധി എട്ടു മണിക്കൂർ നേരത്തേക്ക് ആണ് ഉപയോഗിക്കാൻ കഴിയുക. ഇത് കഴിഞ്ഞാൽ ഇത് കട്ടപിടിക്കും. ഒരു ലോഡിന് രണ്ട് ലക്ഷം രൂപ എന്ന നിരക്കിലാണ് ഈ നഷ്ടം. നിലവിൽ ഒരു ദിവസം പരമാവധി 100 മീറ്ററോളം മാത്രമാണ് അറ്റകുറ്റപ്പണി ചെയ്യാനാവുന്നത്. വാളയാറിൽ ഉള്ള ടാർ മിക്സിങ് പ്ലാൻറിൽ അറ്റകുറ്റപ്പണിയാണെന്ന് പറഞ്ഞ് വ്യാഴാഴ്ച കുതിരാനിൽ ടാറിടൽ നടന്നിട്ടില്ല.

കേരളത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിൽ ഒന്നാണ് ദേശീയപാത 544. എൽ&ടി കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ നടത്തിയ കണക്കെടുപ്പ് പ്രകാരം പ്രതിദിനം ശരാശരി മുപ്പതിനായിരം വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. ഇവയിൽ അറുപത് ശതമാനവും ചരക്കു വാഹനങ്ങൾ ആണ്.