ആളൂർ: ജങ്‌ഷന് സമീപത്തായി റോഡരികിലുള്ള രണ്ടു മാവുകൾ പരസ്യലേലം ചെയ്ത് മുറിക്കാനുള്ള നീക്കം പൊതുമരാമത്ത് വകുപ്പ് ഉപേക്ഷിച്ചു. മുറിക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാരും വൃക്ഷസംരക്ഷണ സമിതിയും രംഗത്തെത്തിയതോടെയാണ്‌ നടപടി റദ്ദാക്കിയെന്നുകാട്ടി കഴിഞ്ഞദിവസം മാവുകളിൽ നോട്ടീസ് പതിച്ചത്.

മാവുകൾ മുറിക്കുന്നതിന് അപേക്ഷ ക്ഷണിച്ചുള്ള നോട്ടീസ് ആളൂർ ജങ്‌ഷനു സമീപത്തെ രണ്ടു മാവുകളിൽ പതിച്ചിരുന്നു. നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം നാട്ടുകാർ വനംവകുപ്പിനും പഞ്ചായത്തിനും ഹർജി നൽകിയിരുന്നു.

മാവുകൾ മുറിക്കാനുള്ള പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം നിയമവിരുദ്ധമാണെന്നും ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു. രണ്ടു വർഷം മുൻപ് ആളൂരിലെ മൂന്നു മാവുകൾ മുറിക്കാൻ തുടങ്ങിയത് നാട്ടുകാരും പരിസ്ഥിതി സംരക്ഷണപ്രവർത്തകരും എത്തി തടഞ്ഞിരുന്നു.

മാവുകളുടെ ചുവട്ടിൽ തീയിട്ട് നശിപ്പിക്കാനുള്ള ശ്രമവും വൻപ്രതിഷേധമുയർത്തിയിരുന്നു.

തുടർന്ൻ ആളൂർ വൃക്ഷസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ മാവുകൾക്ക് ചുറ്റും സംരക്ഷണഭിത്തി നിർമിച്ച്‌ പരിപാലിച്ചിരുന്നു. ആളൂർ ജങ്‌ഷൻ മുതൽ സംസ്ഥാനപാതയോരത്ത് മാവിൻതൈകൾ വച്ചുപിടിപ്പിച്ച്‌ പരിപാലിക്കുന്നുണ്ടെന്ന് പരിസ്ഥിതി സംരക്ഷനായ എം. മോഹൻദാസ്‌ പറഞ്ഞു.

വൃക്ഷസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ആളൂരിലെ മാവിൻചുവട്ടിൽ വിശദീകരണയോഗം നടക്കും.